ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന‘നടികർ തിലകം’ എന്ന പുതിയ ചിത്രത്തിനെതിരെ പരാതിയുമായി തമിഴ് സംഘടന. ശിവാജി ഗണേശന്റെ ആരാധക സംഘടനയുടേതാണ് പരാതി. മലയാള സിനിമാ താരസംഘടനയായ ‘എഎംഎംഎ’ യ്ക്കാണ് പരാതി നൽകിയത്. ഒരു ഹാസ്യ ചിത്രത്തിന് മഹാനായ നടന്റെ വിശേഷണം പേരായി നൽകിയത് അവഹേളനമാണ് എന്നാണ് പരാതിയിൽ പറയുന്നത്. പരാതി പരിശോധിക്കുമെന്ന് എഎംഎംഎ യുടെ ജനറൽ സെക്രട്ടറിയും നടനുമായ ഇടവേള ബാബു അറിയിച്ചു.
നടികർ തിലകമെന്നത് ഒരു പേര് മാത്രമല്ല തമിഴ് സിനമയുടെ ജീവശ്വാസമാണെന്നാണ് സംഘടന കത്തിൽ പറയുന്നത്. തങ്ങൾ ഹൃദയം കൊണ്ട് ആരാധിക്കുന്ന ഒരു മഹാ നടന്റെ പേരിനെ അവഹേളിക്കുന്നതിന് തുല്യമാണ് ഈ നടപടിയെന്നും സംഘടന വ്യക്തമാക്കി.
ജീൻ പോൾ ലാൽ ആണ് ചിത്രത്തിന്റെ സംവിധാനം. സുവിൻ എസ് സോമശേഖരൻ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ടൊവിനോയ്ക്ക് പുറമെ അൽത്താഫ് സലിം, സൗബിൻ ഷാഹിർ എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.