കണ്ണൂരിലെ യാത്രക്കാരുടെ ദുരിതം അവസാനിച്ചിട്ടില്ല. പ്രവാസികൾക്ക് ഏറെ അനുഗ്രഹമായിരുന്ന ഗോ ഫസ്റ്റ് സർവിസ് നിർത്തിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പുനരാരംഭിക്കാത്തതാണ് ഇതിന് കാരണം. ഗോ ഫസ്റ്റ് ഒക്ടോബറിൽ സർവിസുകൾ പുനരാരംഭിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ അനിശ്ചിതമായി ഇത് നീളുകയാണ്. നിലവിൽ കണ്ണൂരിൽ നിന്ന് മസ്കറ്റിലേക്കും തിരിച്ചും എയർ ഇന്ത്യ എക്സ്പ്രസ് ആഴ്ചയിൽ അഞ്ചു സർവിസുകളാണ് നടത്തുന്നത്. ഞായർ, ചൊവ്വ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിലാണിവ.
മാത്രമല്ല, ഇതെല്ലാം പകൽ സർവിസുകളുമാണ്. ഇതിന് പുറമേ വാരാന്ത്യ അവധി ദിവസമായ വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ചയും സർവിസുകളില്ലാത്തതും യാത്രക്കാരെ പ്രയാസത്തിലാക്കുന്നുണ്ട്. ഇതുകാരണം കണ്ണൂരിൽ നിന്നുള്ള യാത്രക്കാർപോലും വാരാന്ത്യങ്ങളിൽ വിമാന സർവിസുകളുള്ള മറ്റു വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ടതായി വരുന്നുണ്ട്. ഗോ ഫസ്റ്റ് ആഴ്ചയിൽ എല്ലാ ദിവസവും സർവിസ് നടത്തിയിരുന്നു. ഇതിന്റെ സമയക്രമവും യാത്രക്കാർക്ക് വളരെ ഏറെ സൗകര്യപ്രദമായിരുന്നു. മാത്രമല്ല, താരതമ്യേന കുറഞ്ഞ നിരക്കുമാണ് ഈടാക്കിയിരുന്നത്.
അതുകൊണ്ട് തന്നെ കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലയ്ക്ക് പുറമെ മറ്റുള്ള യാത്രക്കാരും കണ്ണൂർ വിമാനത്താവളത്തെ ആശ്രയിച്ചിരുന്നു. ഗോ ഫസ്റ്റ് സർവിസ് നിർത്തിയതോടെ മസ്കറ്റിൽ നിന്നുള്ള യാത്രക്കാരിൽ വലിയൊരു വിഭാഗം കണ്ണൂർ വിമാനത്താവളത്തെ ഒഴിവാക്കി. അതേസമയം ഗോ ഫസ്റ്റ് സർവിസ് നിലച്ചതോടെ കണ്ണൂരിൽ നിന്നുള്ള സർവീസുകളുടെ നിരക്കുകളും വർധിച്ചിരുന്നു. ഇതെല്ലാം കാരണം വിമാനത്താവളം അവഗണിക്കപ്പെടുകയാണെന്ന് കണ്ണൂർ സ്വദേശികൾ പരാതിപ്പെടുന്നു.