രാജ്യം ശൈത്യകാലത്തിലേയ്ക്ക് കടക്കുമ്പോൾ ക്യാംപിങ് സീസണിനെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ് ബഹ്റൈൻ. നവംബർ 10 മുതലാണ് രാജ്യത്ത് ഔദ്യോഗികമായി ക്യാംപിങ് സീസൺ ആരംഭിക്കുക. ടെൻ്റിങ്ങും ക്യാംപിങ്ങും ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർക്കായി നവംബർ രണ്ട് മുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കും. പ്രത്യേകം തയ്യാറാക്കിയ ഓൺലൈൻ പ്ലാറ്റ്ഫോം വഴിയാണ് രജിസ്ട്രേഷൻ നടക്കുക.
ഫെബ്രുവരി 29 വരെയായിരിക്കും ഇത്തവണത്തെ ടെന്റ് സീസൺ. ടെന്റ് സീസണുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത കോർഡിനേഷൻ യോഗത്തിൽ ദക്ഷിണ മേഖല ഗവർണർ ഷെയ്ഖ് ഖലീഫ ബിൻ അലി ബിൻ ഖലീഫ ആൽ ഖലീഫ അധ്യക്ഷത വഹിച്ചു. സഞ്ചാരികളുടെ സുരക്ഷയ്ക്കും പ്രകൃതി സൗഹൃദപരമായ രീതിയിലുള്ള ക്യാംപിങ്ങിനും മുൻതൂക്കം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സുരക്ഷിതവും സമാധാനപരവുമായ ക്യാംപിങ് സീസൺ ഒരുക്കാൻ വിവിധ വകുപ്പുതല ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
ക്യാംപിങ് നടത്തുന്നവർ അധികൃതർ നിർദ്ദേശിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിക്കണമെന്നും മാപ്പിൽ മാർക്ക് ചെയ്ത പ്രകാരം അവരവർക്ക് അനുവദിച്ചിട്ടുള്ള പ്രദേശങ്ങളിൽ മാത്രം ക്യാംപിങ് നടത്തണമെന്നും ഗവർണർ നിർദ്ദേശിച്ചു. ഖേയം (Kheyyam) എന്ന് പേരിട്ടിരിക്കുന്ന ക്യാംപിങ് സീസൺ പദ്ധതിയിൽ ഇത്തവണ അൽ ജുനോബ്യ എന്ന ആപ്പും പുറത്തിറക്കിയിട്ടുണ്ട്. അറബിയിലും ഇംഗ്ലീഷിലും ലഭ്യമാക്കിയിരിക്കുന്ന ഈ മൊബൈൽ ആപ്ലിക്കേഷനിലൂടെ ഈ വർഷത്തെ ക്യാംപിങ് സീസണുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കും.