സൗദിയിൽ നവംബർ 3 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സൗദി സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു.
ഈ കാലയളവിൽ മക്ക മേഖലയിൽ ശക്തമായ മഴയ്ക്കും ആലിപ്പഴം പൊഴിയുന്നതിനും വെള്ളത്തിന്റെ കുത്തൊഴുക്കിനും സാധ്യതയുണ്ട്. കൂടാതെ ഇവിടെ പൊടിക്കാറ്റ് വീശാനും ഇടയുണ്ട്. റിയാദ്, ജസാൻ, അസീർ, അൽ ബാഹ, മദീന, ഹൈൽ, തബുക്, അൽ ജൗഫ്, നോർത്തേൺ ബോർഡർ മേഖല, അൽ ഖാസിം, ഈസ്റ്റേൺ പ്രൊവിൻസ് തുടങ്ങിയ പ്രദേശങ്ങളിലും നവംബർ 3 വരെ ശക്തമായ മഴ ലഭിക്കുമെന്നാണ് വിലയിരുത്തൽ.
രാജ്യത്ത് ശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ വെള്ളപ്പൊക്കത്തിന് ഇടയുള്ള മേഖലകൾ, ചതുപ്പ് പ്രദേശങ്ങൾ, താഴ്‌വരകൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് വിട്ട് നിൽക്കണമെന്ന് സിവിൽ ഡിഫൻസ് അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു. കൂടാതെ ഈ കാലയളവിൽ ജലാശയങ്ങളിൽ നീന്തുന്നത് ഒഴിവാക്കാനും നിർദ്ദേശിച്ചു. റോഡിൽ മഴയുള്ള സമയത്ത് വാഹനം തെന്നിനീങ്ങാൻ സാധ്യതയുള്ളതിനാൽ വേഗത കുറച്ച് വാഹനം ഓടിക്കണമെന്നും ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്നും നിർദേശത്തിലുണ്ട്.