എട്ടാം തവണയും ബാലൺ ദ് ഓർ പുരസ്കാരം സ്വന്തമാക്കി അർജന്റൈൻ ഇതിഹാസം ലിയോണൽ മെസി. ഖത്തർ ലോകകപ്പിൽ അർജന്റീനയെ ചാംപ്യന്മാരാക്കിയ പ്രകടനമാണ് മെസിയെ റെക്കോർഡ് നേട്ടത്തിലേക്ക് നയിച്ചത്. സ്പെയിനെ ലോക ചാംപ്യന്മാരാക്കിയതിനൊപ്പം മികച്ച താരത്തിനുള്ള ഗോൾഡൻ ബൂട്ടും സ്വന്തമാക്കിയ സ്പാനിഷ് താരം ഐറ്റാന ബോൺമാറ്റിയാണ് വനിത ബലോൺ ദ് ഓർ നേടിയത്.
മികച്ച സ്ട്രൈക്കർക്കുള്ള ഗർഡ് മുള്ളർ ട്രോഫി എർലിംഗ് ഹാളണ്ട് സ്വന്തമാക്കി. മികച്ച ഗോൾകീപ്പർക്കുള്ള ലെവ് യാഷിൻ ട്രോഫി അർൻ്റീന കീപ്പർ എമിലിയാനോ മാർട്ടിനസിനാണ്. 21 വയസ്സിനു താഴെയുള്ള മികച്ച താരത്തിന് ലഭിക്കുന്ന കോപ്പ ട്രോഫി ഇംഗ്ലണ്ടിന്റെയും റയൽ മാഡ്രിഡിന്റെയും താരമായ ജൂഡ് ബെല്ലിങ്ങാം സ്വന്തമാക്കി. ബ്രസീൽ, റയൽ മാഡ്രിഡ് താരം വിനിഷ്യസ് ജൂനിയർ സോക്രട്ടീസ് പുരസ്കാരം നേടിയപ്പോൾ 2023 ലെ മികച്ച ക്ലബ്ബിനുള്ള അവാർഡ് മാഞ്ചസ്റ്റർ സിറ്റിയും വനിതാ ടീമിനുള്ള പുരസ്കാരം ബാഴ്സലോണയും സ്വന്തമാക്കി.
മാഞ്ചസ്റ്റർ സിറ്റിയുടെ എർലിംഗ് ഹാളണ്ട്, കെവിൻ ഡി ബ്രൂയ്ൻ, ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ എന്നിവരെ പിന്നിലാക്കിയാണ് മെസി പുരസ്കാരം സ്വന്തമാക്കിയത്. നിലവിലെ ജേതാവ് കരീം ബെൻസേമ, പോളണ്ട് താരം റോബർട്ട് ലെവൻഡോവ്സ്കി, അർജന്റൈൻ യുവതാരം ജൂലിയൻ അൽവാരസ്, ഫ്രാൻസിന്റെ അന്റോയ്ൻ ഗ്രീസ്മാൻ, ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയർ എന്നിവരും സാധ്യതാ പട്ടികയിലുണ്ടായിരുന്നു.