ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റ് വിജയവുമായി അഫ്ഗാനിസ്താന്‍. ലങ്ക ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന അഫ്ഗാന്‍ 45.2 ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം കണ്ടു. അഫ്ഗാന്‍ ഈ ലോകകപ്പില്‍ നേടുന്ന മൂന്നാമത്തെ വിജയമാണിത്. എന്നാൽ നാലാം തവണയും തോല്‍വി നേരിട്ടതോടെ ലങ്കയുടെ സെമി സാധ്യതകള്‍ക്ക് മങ്ങലേറ്റു.
റഹ്‌മത്ത് ഷാ, ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദി, അസ്മത്തുള്ള ഒമര്‍സായ് എന്നിവരുടെ ഇന്നിങ്‌സുകളാണ് അഫ്ഗാന് വിജയ പാത ഒരുക്കിയത്. 74 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറിയടക്കം 62 റണ്‍സെടുത്ത റഹ്‌മത്ത് ഷാ 28-ാം ഓവറില്‍ പുറത്തായി. എങ്കിലും ഷാഹിദിയും ഒമര്‍സായിയും കൂടി കൂടുതല്‍ നഷ്ടങ്ങളില്ലാതെ അഫ്ഗാനെ വിജയത്തിലെത്തിച്ചു. ഫസൽ ഹഖ് ഫാറൂഖി ആണ് പ്ലയർ ഓഫ് ദ മാച്ച്.
അതേസമയം ചെറിയ ചെറിയ കൂട്ടുകെട്ടുകളാണ് ലങ്കയെ 241-ല്‍ എത്തിച്ചത്. ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്ക് ഓപ്പണര്‍ ദിമുത് കരുണരത്നയെ (15) ആറാം ഓവറില്‍ തന്നെ നഷ്ടമായത് തിരിച്ചടിയായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ 62 റണ്‍സ് ചേര്‍ത്ത പതും നിസ്സങ്ക – ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസ് സഖ്യം ഇന്നിങ്സ് മുന്നോട്ടു നയിച്ചു. 60 പന്തില്‍ നിന്ന് 46 റണ്‍സെടുത്ത നിസ്സങ്കയെ മടക്കി ഒമര്‍സായിയാണ് ഈ കൂട്ടുകെട്ട് തകർത്തത്. തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ സദീര സമരവിക്രമയെ കൂട്ടുപിടിച്ച് മെന്‍ഡിസ് 50 റണ്‍സ് ചേര്‍ത്തു. പിന്നാലെ 50 പന്തില്‍ നിന്ന് 39 റണ്‍സുമായി താരം മടങ്ങുകയും ചെയ്തു.