വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും ജോഷിയും വീണ്ടും ഒന്നിക്കുന്നു. റമ്പാൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക മോഷൻ പോസ്റ്റർ പുറത്തിറക്കി. ചിത്രത്തിലൂടെ അഭിനയരംഗത്തേയ്ക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങിയിരിക്കുകയാണ് ബിന്ദു പണിക്കരുടെ മകൾ കല്യാണി ബി. നായർ. ചെമ്പൻ വിനോദ് തിരക്കഥ എഴുതുന്ന ചിത്രത്തിൽ മോഹൻലാലിന്റെ മകളായാണ് കല്യാണി എത്തുന്നത്.
‘ഇത്ര വലിയൊരു പ്ലാറ്റ്ഫോം തന്നതിന് എല്ലാവർക്കും നന്ദി. ഒരു മിനിറ്റെങ്കിലും മോഹൻലാലിന്റെ മകളായി അഭിനയിക്കുക എന്നത് സ്വപ്നമാണ്. ആത്മവിശ്വാസമുണ്ട്, എല്ലാം നന്നായി വരുമെന്നാണ് വിശ്വസിക്കുന്നത്. ലാലേട്ടനൊപ്പം ഒരു സജഷൻ ഷോട്ട് കിട്ടുക എന്നത് തന്നെ എല്ലാവരുടെയും സ്വപ്നമാണ്‘ എന്ന കുറിപ്പാണ് കല്യാണി സാമൂഹ്യമാധ്യത്തിലൂടെ പങ്കുവെച്ചത്.
സിനിമയുടെ മോഷൻ പോസ്റ്ററിൽ കയ്യിൽ ചുറ്റികയും തോക്കും പിടിച്ച് മുണ്ട് മടക്കിക്കുത്തി നിൽക്കുന്ന മോഹൻലാലിനെയാണ് കാണുന്നത്. ബുള്ളറ്റിന്റെ ചെയിനാണ് റമ്പാന്റെ ആയുധമെന്ന് പൂജാ ചടങ്ങിൽ ചെമ്പൻ വിനോദ് പറഞ്ഞിരുന്നു. അതിനാൽ ഒരു മാസ് എന്റർടെയ്നറായിരിക്കും ചിത്രം എന്നാണ് സൂചന.