ഏറ്റവും പുതിയ ചിത്രമായ തേജസ് കാണാൻ തിയറ്ററുകളിൽ പ്രേക്ഷകരെ ക്ഷണിച്ച് കങ്കണ റണാവത്ത്. പരിഹസിച്ച് നടൻ പ്രകാശ് രാജും. ഇൻസ്റ്റഗ്രാമിലെ നടിയുടെ വിഡിയോ പങ്കുവെച്ചുകൊണ്ടാണ് പ്രകാശ് രാജിന്റെ പരിഹാസം. ‘ഇന്ത്യക്ക് 2014ൽ സ്വാതന്ത്ര്യം ലഭിച്ചതല്ലേയുളളൂ. അൽപം കാത്തിരിക്കൂ. അത് എടുക്കും’ എന്നായിരുന്നു പ്രകാശ് രാജ് എക്സിൽ കുറിച്ചത്. കൂടാതെ justasking എന്ന ഹാഷ്ടാഗും ട്വീറ്റിനൊപ്പമുണ്ട്. 2014 ലാണ് ഇന്ത്യക്ക് യഥാർഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചതെന്ന് കങ്കണ നേരത്തെ പറഞ്ഞിരുന്നു. ഈ പരാമർശമാണ് നടിക്കെതിരെ പ്രകാശ് രാജ് തിരിച്ച് പ്രയോഗിച്ചത്.
കങ്കണ പ്രാധാന വേഷത്തിലേത്തിയ ചിത്രം തിയറ്ററുകളിൽ പരാജയപ്പെട്ടതോടെയാണ് കുടുംബത്തിനൊപ്പം ചിത്രം കാണണമെന്ന അഭ്യർഥനയുമായി താരം രംഗത്തെത്തിയത്. ‘കോവിഡിനു മുൻപ് തന്നെ തിയറ്ററുകള്‍ക്ക് തിരിച്ചടി തുടങ്ങിയിരുന്നു. കോവിഡിനു ശേഷം അത് കൂടുകയും ചെയ്തു. സൗജന്യമായി ടിക്കറ്റുകള്‍ കൊടുക്കുന്നത് മുതൽ നിരവധി ഓഫറുകള്‍ നല്‍കിയിട്ടുവരെ തിയറ്ററിലേക്ക് ജനങ്ങൾ വരാതിരിക്കുന്ന സാഹചര്യമാണ്. കുടുംബത്തോടൊപ്പം തിയറ്ററിലേക്ക് വന്ന് സിനിമ ആസ്വദിക്കണമെന്ന് ഞാന്‍ പ്രേക്ഷകരോട് അഭ്യർഥിക്കുകയാണ്. അല്ലെങ്കില്‍ തിയറ്ററുകള്‍ക്ക് നിലനില്‍പ്പുണ്ടാവില്ല എന്നാണ് കങ്കണ പറഞ്ഞത്.
സർവേഷ് മേവാര രചനയും സംവിധാനവും നിർവഹിച്ച ചിത്രം ഒക്ടോബർ 27 നാണ് തിയറ്ററുകളിൽ എത്തിയത്. തേജസ് ഗില്‍ എന്ന ഫൈറ്റര്‍ പൈലറ്റായാണ് കങ്കണ അഭിനയിച്ചിരിക്കുന്നത്. 100 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ആദ്യ രണ്ട് ദിവസംകൊണ്ട് നേടിയത് വെറും 2.5 കോടി രൂപയാണ്. ‘എമര്‍ജന്‍സി’യാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന താരത്തിന്റെ ചിത്രം. അടിയന്തരാവസ്ഥ അടിസ്ഥാനമാക്കി നിര്‍മിച്ച ഈ ചിത്രത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയായാണ് കങ്കണ എത്തുന്നത്. ഇതിന് മുൻപ് നടിയുടെതായി പുറത്തിറങ്ങിയ തമിഴ് ചിത്രം ചന്ദ്രമുഖിയുടെരണ്ടാം ഭാഗവും വൻ പരാജയമായിരുന്നു.