സീസണിലെ ആദ്യ മഴ പെയ്തു തോർന്നതിന് പിന്നാലെ നാടിന്റെ പ്രകൃതി ഭംഗിയെയും പുൽമേടുകളും സംരക്ഷിക്കണമെന്ന് ഓർമപ്പെടുത്തി ദോഹ പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയം. പുൽമേടുകളിലും ഹരിത പ്രദേശങ്ങളിലും സന്ദർശനം നടത്തുന്നവർ നിർദേശിച്ചിട്ടുള്ള വഴികൾ മാത്രം ഉപയോഗപ്പെടുത്തി പ്രകൃതി സംരക്ഷണം ഉറപ്പാക്കണമെന്ന് മന്ത്രാലയം സഞ്ചാരികളോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
അതേസമയം പുൽമേടുകളിൽ വാഹനങ്ങൾ പ്രവേശിപ്പിക്കുന്നതിന് വിലക്കെർപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, എല്ലാ വർഷവും ഈ സീസണിൽ ചെടികളും ഔഷധസസ്യങ്ങളും തഴച്ചുവളരാൻ തുടങ്ങുന്നതിനാൽ പുറത്തിറങ്ങുന്നവർ പുൽമേടുകളുൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് വാഹനങ്ങളുമായി പ്രവേശിക്കരുതെന്ന് പരിസ്ഥിതി മന്ത്രി ശൈഖ് ഫാലിഹ് ബിൻ നാസർ ബിൻ അഹ്മദ് ബിൻ അലി ആൽഥാനി അറിയിച്ചു. പ്രാദേശിക പരിസ്ഥിതി നമ്മുടെ പൈതൃകമാണ്. ബന്ധപ്പെട്ട അധികാരികളുടെ നിർദേശങ്ങൾ പാലിക്കുന്നതിലൂടെ അതിനെ സംരക്ഷിക്കാനും അതിന്റെ വളർച്ചക്ക് സംഭാവന നൽകാനും സാധിക്കും എന്നും മന്ത്രി കൂട്ടിച്ചേർത്തു.
വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകാനും പുൽമേടുകളിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നത് തടയാനും മന്ത്രാലയം നിർദേശങ്ങളടങ്ങിയ പ്രത്യേകം ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ സ്ഥലങ്ങൾ സംരക്ഷിക്കുന്നതിനും പാർക്കുകളിലും പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിലും സന്ദർശകർക്ക് ഉപദേശവും മാർഗ നിർദേശവും നൽകുന്നതിനും മന്ത്രാലയം പട്രോളിങ് ശക്തമാക്കിയിട്ടുമുണ്ട്.1995ലെ 32ാം നമ്പർ നിയമപ്രകാരം സസ്യങ്ങളെയും മരങ്ങളെയും നശിപ്പിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഇതോടൊപ്പം തോട്ടം മേഖലകളിൽ വാഹനങ്ങളുമായി അനധികൃതമായി പ്രവേശിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിട്ടുണ്ട്.