2022 മെയ് 9 മുതൽ ജൂൺ 22 വരെ 45 ദിവസത്തേക്ക് ദുബായ് ഇന്റർനാഷണലിന്റെ (DXB) നോർത്തേൺ റൺവേ താത്കാലികമായി അടച്ചുപൂട്ടുന്നു. റൺവേയുടെ വിപുലമായ നവീകരണങ്ങൾക്ക് വേണ്ടിയാണ് അടച്ചിടല്‍ എന്ന് ദുബായ് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. വിമാനങ്ങൾ വഴിതിരിച്ചുവിടുമെന്നും അറിപ്പുണ്ട്.
DXB ഇരട്ട റൺവേ പ്രവർത്തനമായതിനാൽ അടച്ചിടല്‍ കാലയളവില്‍ സേവനം പരിമിതപ്പെടുത്തിയാകും റണ്‍വേ നവീകരണം.. , ദുബായിലെ രണ്ടാമത്തെ വിമാനത്താവളമായ ദുബായ് വേൾഡ് സെൻട്രലിലേക്ക് (DWC) നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിടും. സര്‍വ്വീസുകൾ പുനക്രമീകരിക്കുന്നതിനും ഈ വിമാനത്താവളത്തിലേക്കുളള സര്‍വ്വീസുകളുടെ എണ്ണം കുറയ്ക്കുന്നതിനും ദുബായ് എയർപോർട്ട്സ് എല്ലാ വിമാനക്കമ്പനികൾക്കും മുൻകൂർ അറിയിപ്പ് നൽകിയിട്ടുണ്ട്.
2014-ലാണ് വടക്കൻ റൺവേയിൽ അവസാനമായി വിപുലമായി ജോലികൾ നടത്തിയത്. 2019-ൽ തെക്കൻ റൺവേ സമാനമായ മെച്ചപ്പെടുത്തലുകൾക്ക് വിധേയമാക്കിയിരുന്നു.
ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം എന്ന നിലയിൽ സ്ഥാനം നിലനിര്‍ത്താനും ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമാണ് നവീകരണ പ്രവര്‍ത്തനങ്ങളെന്ന് അധികൃതര്‍ വ്യക്തമാക്കി.
സുരക്ഷയും കാര്യക്ഷമമായ പ്രവർത്തനങ്ങളും ഉറപ്പാക്കുമെന്നും അധികൃതര്‍ പറഞ്ഞു.
യാത്രക്കാര്‍ വിമാനകമ്പനികളുമായി ബന്ധപ്പെട്ട് സര്‍വ്വീസുകൾ സംബന്ധിച്ച് ഉറപ്പുവരുത്തണമെന്നും ദുബായ് എയർപോർട്ട് നിർദ്ദേശിച്ചു. അതേസമയം റണ്‍വേ അടച്ചിടല്‍ കാലയളവില്‍ ചില സര്‍വ്വീസുകൾ ഷാര്‍ജയിലേക്ക് വഴിതിരിച്ചുവിടുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കി. മുന്‍കൂര്‍ ബുക്കുചെയ്തവര്‍ റീബുക്കിങ് ചെയ്യേണ്ടത് ആവശ്യമാണെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.