യുഎഇയിൽ നവംബർ രണ്ട് (വ്യാഴാഴ്ച) വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് മുതൽ വ്യാഴാഴ്ച വരെ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. തീരപ്രദേശങ്ങളും പടിഞ്ഞാറൻ മേഖലകളിലും അടുത്ത 5 ദിവസവും മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വാദികൾ, താഴ്വാരങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും അധികൃതർ നിർദേശിച്ചു.
മണിക്കൂറിൽ 40 കി.മീ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ അന്തരീക്ഷത്തിൽ പൊടിപടലങ്ങളും നിറയും. പകൽ താപനില ശരാശരി 30-35 ഡിഗ്രി സെൽഷ്യസായിരിക്കും. രാത്രി കാലങ്ങളിൽ തണുപ്പ് കൂടുകയും ചെയ്യും. വെള്ളക്കെട്ടിനും വെള്ളത്തിന്റെ കുത്തൊഴുക്കിനും സാധ്യയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
മഴ ശക്തമായാൽ ക്ലാസുകൾ ഓൺലൈനായി നടത്തുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മന്ത്രിസഭ അനുമതി നൽകിയിരുന്നു. കൂടാതെ അനുയോജ്യമായ ജോലി സമയം തിരഞ്ഞെടുക്കാൻ സ്വകാര്യ കമ്പനികൾക്ക് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അനുമതിയും നൽകിയിട്ടുണ്ട്.