ഇടിപ്പൂരത്തിന് ആവേശ തുടക്കം. ഈ വർഷത്തെ റിയാദ് സീസണ് ഇന്ന് തുടക്കമായി. ‘ബാറ്റിൽ ഓഫ് ദി ബാഡസ്റ്റ്’ എന്ന തലക്കെട്ടിൽ ബ്രിട്ടീഷ് ബോക്സർ ടൈസൺ ഫ്യൂറി, മുൻ ലോക ചാമ്പ്യൻ കാമറൂണിയൻ ബോക്സർ ഫ്രാൻസിസ് നഗന്നൂ എന്നിവർ ഇടിക്കൂട്ടിൽ മുഖാമുഖം പോരടിച്ച ചാമ്പ്യഷിപ്പോടെയായിരുന്നു തുടക്കം. നാലുമാസത്തോളം നീളുന്ന ആഘോഷപൂരത്തിനാണ് ഇന്ന് ആരംഭമായത്. ശനിയാഴ്ച രാത്രി റിയാദ് ബോളിവാഡ് സിറ്റിയിലെ കിങ്ഡം അരീന സ്റ്റേഡിയത്തിൽ ഒരുങ്ങിയ റിങ്ങിൽ 10 റൗണ്ട് ഏറ്റുമുട്ടിയതിനു ശേഷം ഫ്രാൻസിസ് നഗന്നുവിനെ ഇടിച്ചിട്ട് ടൈസൺ ഫ്യൂറി ചാമ്പ്യൻഷിപ്പ് സ്വന്തമാക്കുകയും ചെയ്തു.
ജനറൽ എൻറർടെയ്ൻമെൻറ് അതോറിറ്റി ചെയർമാൻ തുർക്കി അൽ-ശൈഖ് റിങ്ങിൽ ചാമ്പ്യൻഷിപ്പ് ബെൽറ്റ് വിജയിയായ ടൈസൺ ഫ്യൂറിക്ക് സമ്മാനിച്ചു. തുടർച്ചയായ 35 ആമത്തെ മത്സരമാണ് ഫ്യൂറി വിജയിക്കുന്നത്. ബോളിവുഡ് താരം സൽമാൻ ഖാൻ, അൽ നസ്ർ ഫുട്ബാൾ ക്ലബ് ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ, അർജൻറീനിയൻ മോഡലും റൊണാൾഡോയുടെ പത്നിയുമായ ജോർജിന റോഡ്രിഗ്സ്, സഹതാരം ലൂയിസ് ഫിഗോ, തുർക്കിഷ് ചലച്ചിത്ര താരം ബുറാക് ഒസിവിറ്റ്, ബോക്സിങ് താരം മൈക്ക് ടൈസൺ, താജിക്സ്ഥാനി ഗായകൻ അബ്ദു റോസിക് തുടങ്ങിയവർ ഉൾപ്പെടെ താരനിബിഡമായ പ്രേക്ഷകർ പരിപാടി ആസ്വദിക്കാൻ എത്തിരുന്നു.