കളമശേരിയിൽ നടന്നത് ബോംബ് സ്ഫോടനമെന്ന് സ്ഥിരീകരിച്ച് പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബ്. ഐഇഡി ഉപയോഗിച്ച സ്ഫാടനമാണ് നടന്നതെന്നും അവിടെ നിന്ന് ഐഇഡിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായും ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.
കാരണക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും. ഇവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. അന്വേഷണത്തിനു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്നും കളമശേരിയിലേക്ക് തിരിച്ചതായും അദ്ദേഹം പറഞ്ഞു.
ആസൂത്രിതമായ സ്ഫോടനമാണെന്നും മറ്റ് ഏതെങ്കിലും ആളുകൾക്ക് പങ്കുണ്ടോയെന്നത് അന്വേഷിക്കുകയാണെന്നും ഡിജിപി പറഞ്ഞു. ‘മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ടിഫിൻ ബോക്സിൻ വെച്ച ബോംബാണ് പൊട്ടിയത് എന്നാണ് പ്രഥമിക നിഗമനം.
അതേസമയം സ്ഫോടന പരമ്പര നടത്തിയയാൾ ഉപയോഗിച്ചെന്ന് പൊലീസ് സംശയിക്കുന്ന നീല കാറിനെക്കുറിച്ച് അന്വേഷണം തുടങ്ങി. കൺവെൻഷൻ സെന്ററിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സ്ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പ് ഈ കാർ കൺവെൻഷൻ സെന്ററിൽ നിന്ന് പുറത്തേക്ക് പോയതായി കണ്ടത്. ഇതാണ് സംശയം ജനിപ്പിക്കാൻ പ്രധാന കാരണം.