കോഴിക്കോട് വിമാനത്താവളത്തിൽ പകൽ സർവീസ് നടത്താനുള്ള അനുവാദം ലഭിച്ചതോടെ വിമാന സമയങ്ങളിൽ ചെറിയ മാറ്റം. എയർ ഇന്ത്യ എക്സ്പ്രസിന്റെയും ഒമാൻ എയറിന്റെയും സമയങ്ങളിലും ചെറിയ മാറ്റം വന്നിട്ടുണ്ട്. എന്നാൽ നവംബറിൽ എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്ടേക്ക് വിമാന സർവിസുകൾ വെട്ടിക്കുറച്ചു. ആഴ്ചയിൽ എല്ലാ ദിവസവും സർവിസ് നടത്തിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് നവംബറിൽ മൂന്ന് ദിവസങ്ങളിലായി നാല് സർവിസുകൾ മാത്രമായിരിക്കും നടത്തുക എന്നാണ് കമ്പനിയുടെ വെബ്സൈറ്റിൽ കാണിച്ചിരിക്കുന്നത്. നവംബറിൽ മസ്കറ്റിൽ നിന്ന് കോഴിക്കോട്ടേക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ മാത്രമാണ് സർവിസുകളുള്ളത്. ഇതിൽ വ്യാഴാഴ്ച രണ്ട് സർവിസുകൾ മാത്രമായിരിക്കും ഉണ്ടാവുക.
കോഴിക്കോട്ടേക്കുള്ള വ്യാഴം, ശനി ദിവസങ്ങളിൽ രണ്ടാം സർവിസിനുമാണ് സമയത്തിൽ മാറ്റമുണ്ടായിരിക്കുന്നത്. വ്യാഴാഴ്ചത്തെ രണ്ടാമത്തെ സർവിസും ഉച്ചക്ക് 11.40 ന് പുറപ്പെട്ട് വൈകീട്ട് 05.05ന് കോഴിക്കോട്ടെത്തും. ശനിയാഴ്ച ഉച്ചയ്ക്ക് 11.40ന് പുറപ്പെടുന്ന വിമാനം വൈകുന്നേരം 05.05ന് കോഴിക്കോട്ടെത്തും. കോഴിക്കോടു നിന്ന് തിങ്കൾ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിലാണ് മസ്ക്കറ്റിലേക്കുള്ള സർവിസുകളുള്ളത്. ശനി, വ്യാഴം ദിവസങ്ങളിൽ വിമാനം കോഴിക്കോട്ടുനിന്ന് രാവിലെ 8.10ന് പുറപ്പെട്ട് 10.40ന് എത്തും. തിങ്കളാഴ്ച രാത്രി 11.20ന് പുറപ്പെട്ട് പുലർച്ച 1.50നുമാണ് വിമാനം ലാൻഡ് ചെയ്യുക.
ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെട്ട് ഉച്ചയ്ക്കുശേഷം 3.30നും എത്തും. അതേസമയം ഒമാൻ എയർ നിലവിൽ എല്ലാ ദിവസവും രണ്ട് സർവിസ് വീതം നടത്തുന്നുണ്ടെങ്കിലും ശനി, ചൊവ്വ ദിവസങ്ങളിൽ ഒരു സർവിസ് മാത്രമാണ് നടത്തുന്നത്. ഈ ദിവസങ്ങളിൽ രാവിലെ 8.55ന് പുറപ്പെട്ട് വിമാനം ഉച്ചയ്ക്ക് 1.50ന് കോഴിക്കോട്ടെത്തും. വ്യാഴാഴ്ച രാവിലെ 8.55നും 9.10നും രണ്ട് സർവിസുകളാണുള്ളത്. എന്നാൽ വെള്ളി, ഞായർ, തിങ്കൾ, ബുധൻ ദിവസങ്ങളിൽ പുലർച്ച 2.50 പുറപ്പെട്ട് രാവിലെ 7.45നും ഉച്ചയ്ക്ക് ശേഷം 3.10 മസ്ക്കറ്റിൽ നിന്ന് പുറപ്പെട്ട് രാത്രി 8.05 കോഴിക്കോട്ടെത്തുന്നതുമായ രണ്ട് സർവിസുകളുമാണ് ഉള്ളത്.