കളമശ്ശേരി കൺവെൻഷൻ സെന്ററിൽ സ്ഫോടനം. ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. അഞ്ച് പേരുടെ നില ഗുരുതരമാണ്. യഹോവ സാക്ഷികളുടെ പരിപാടിക്കിടെയാണ് സ്ഫോടനം. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സ്ഫോടന കാരണം വ്യക്തമല്ല.
ഭീകര ശബ്ദത്തോട് കൂടി നാലിൽ അധികം പൊട്ടിത്തെറി ഉണ്ടായതായാണ് വിവരം. പൊട്ടിത്തെറിക്ക് ശേഷം കരിമരുന്നിന്റെ മണം ഉണ്ടായെന്ന് പ്രദേശവാസികൾ പറയുന്നു. ശനിയാഴ്ചയും ഞായറാഴ്ചയുമായി രണ്ടായിരത്തിലധികം പേരെ പങ്കെടുപ്പിച്ചുള്ള പരിപാടിയാണ് കൺവെൻഷൻ സെന്റിൽ നടക്കുന്നത്. മരിച്ചത് സ്ത്രീയണെന്നാണ് പ്രാഥമിക വിവരം. ഇവരുടെ മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. സ്ഫോടനമുണ്ടാകുമ്പോൾ ഏകദേശം 2400ലേറെപ്പേർ കൺവെൻഷൻ സെന്ററിലുണ്ടായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
ഏത് സാഹചര്യത്തിലാണ് പൊട്ടിത്തെറിയുണ്ടായതെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.ഒന്നിലധികം തവണ പൊട്ടിത്തെറിയുണ്ടായതായാണ് റിപ്പോർട്ടുകൾ. ഞായറാഴ്ചയായതിനാൽ നിരവധി വിശ്വാസികൾ പ്രാർഥനയ്ക്കായി എത്തിയിരുന്നു.
കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള വിദഗ്ദ്ധ മെഡിക്കൽ സംഘം കളമശ്ശേരിയിലേക്കെത്തും. ബേൺസ് ചികിത്സാ വിദഗ്ധ സംഘത്തോട് ഉടൻ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കെത്താൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി.