മുതിർന്ന ആർഎസ്എസ് പ്രചാരകും എഴുത്തുകാരനും, വാഗ്മിയുമായ ആർ ഹരി അന്തരിച്ചു. 93 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് രാവിലെയായിരുന്നു അന്ത്യം. ആർഎസ്എസ് അഖിലഭാരതീയ ബൗധിക് പ്രമുഖ് ആയിരുന്നു. കേരളത്തിൽ നിന്ന് ആർഎസ്എസ് തലപ്പത്ത് എത്തിയ ആദ്യ പ്രചാരകനാണ്. ആർ.ഹരിയുടെ മൃതദേഹം എളമക്കരയിലെ ആർഎസ്എസ് കാര്യലയത്തിൽ പൊതുദർശനത്തിനു വയ്ക്കും. ദേശീയ നേതാക്കൾ അടക്കം സംസ്കാര ചടങ്ങിൽ പങ്കെടുക്കും.
രംഗ ഹരി എന്നാണ് പൂർണ്ണമായ പേര്. എറണാകുളം ജില്ലയിലാണ് ഹരിയുടെ ജനനം,അച്ഛൻ രംഗ ഷേണോയ് അമ്മ പത്മാവതി. എറണാകുളം സെന്റ് ആൽബർട്ട്സ് ഹൈസ്കൂളിലും ,മഹാരാജാസ് കോളേജിലും പഠനത്തിന് ശേഷം ബാലസ്വയംസേവകനായി രാഷ്ട്രിയ സ്വയം സേവക സംഘത്തിൽ ചേർന്നു,
1948ൽ മഹാത്മാ ഗാന്ധിയുടെ വധത്തെ തുടർന്ന് സംഘത്തിന് നിരോധനം ഉണ്ടായപ്പോൾ സംഘത്തിന്റെ അഖിലഭാരതീയ സത്യാഗ്രഹത്തിൽ പങ്കെടുത്തു ജയിൽ വാസം അനുഷ്ഠിച്ചു. 1951ൽ സംഘപ്രചാരകായി ആദ്യം വടക്കൻ പറവൂരിൽ പ്രവർത്തിച്ചു. പിന്നീട്, തൃശൂർ ജില്ല,പാലക്കാട് ജില്ല, തിരുവനന്തപുരം വിഭാഗ് പ്രചാരക്,എറണാകുളം വിഭാഗ് പ്രചാരക്, കോഴിക്കോട് വിഭാഗ് പ്രചാരക് എന്നിങ്ങിനെ പ്രവർത്തിച്ചിരുന്നു.