മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സുരേഷ് ഗോപിക്കെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് നടക്കാവ് പോലീസാണ് കേസെടുത്തത്. ഐപിസി 354 എ വകുപ്പാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്റ്റേഷൻ ജാമ്യം ലഭിക്കാത്ത വകുപ്പാണിത്. രണ്ട് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയത്.
കോഴിക്കോട് വെച്ച് മാധ്യമപ്രവർത്തകരോട് സുരേഷ് ഗോപി സംസാരിക്കുന്നതിന് ഇടയിലായിരുന്നു സംഭവം. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈ വെയ്ക്കുകയായിരുന്നു. മാധ്യമപ്രവർത്തക ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും സുരേഷ് ഗോപി വീണ്ടും കൈ ചുമലിൽ വയ്ക്കാൻ ശ്രമിച്ചു. സംഭവം വിവാദമായതോടെ സുരേഷ് ഗോപി മാധ്യമപ്രവർത്തകയോട് ക്ഷമ ചോദിച്ചിരുന്നു. എന്നാൽ സുരേഷ് ഗോപിയുടേത് വിശദീകരണം മാത്രമാണെന്നും മാപ്പ് പറച്ചിൽ അല്ലെന്നും ചൂണ്ടിക്കാട്ടിയാണ് മാധ്യമപ്രവർത്തക നിയമ നടപടിയുമായി മുന്നോട്ട് പോയത്.
സംഭവത്തിൽ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കാണ് മാധ്യമപ്രവർത്തക പരാതി നൽകിയത്. ഈ പരാതി പിന്നീട് നടക്കാവ് പൊലീസിന് കൈമാറുകയായിരുന്നു. സുരേഷ് ഗോപി സ്ത്രീത്വത്തെ അപമാനിച്ചുവെന്നും മോശം ഉദ്ദേശത്തോടെ പെരുമാറിയെന്നുമാണ് മാധ്യമപ്രവർത്തക പരാതിയിൽ ആരോപിച്ചത്.