മിഡിൽ ഈസ്റ്റ് രാജ്യങ്ങളുടെ സാമൂഹ്യരാഷ്ട്രീയ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കുന്ന നിലയിലാണ് ഇസ്രായേൽ -ഗാസ്സ സംഘർഷത്തിൻ്റെ പോക്ക്. ഇസ്രയേലുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ സാമ്പത്തിക പ്രതിസന്ധികൾ അലയടിക്കുന്നതായാണ് സൂചനകൾ. ടൂറിസത്തെ സാരമായി ബാധിക്കുന്നതിനാൽ ഈജിപ്ത്, ജോർദാൻ, ലെബനൻ എന്നിവയാണ് കൂടുതൽ പ്രതിസന്ധിയിലേക്ക് എത്തുകയെന്നാണ് വിദഗ്ദ്ധ നിരീക്ഷണം.
ആഗോള എണ്ണ വിതരണത്തിന് അത്യന്താപേക്ഷിതമായ ഒരു മേഖലയിൽ സമ്മർദ്ദമേറുന്നത് ലോകരാജ്യങ്ങളിൽ പ്രതിധ്വനികൾ സൃഷ്ടിക്കും. യുദ്ധം സാമ്പത്തിക വികസനത്തെ അപകടകരമായ ഘട്ടത്തിലേക്ക് എത്തിക്കുമെന്ന് ലോകബാങ്ക് തലവൻ അജയ് ബംഗ സൗദി അറേബ്യയിൽ നടന്ന ഒരു സമ്മേളനത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സമാനമാണ് അന്താരാഷ്ട്ര നാണയ നിധിയുടേയും വിലയിരുത്തൽ.
ഈജിപ്തിലെ പ്രധാൻ സാമ്പത്തിക സ്ത്രോതസ്സുകളിലൊന്ന് വിനോദസഞ്ചാരമാണ്. രാജ്യത്തെ പുരാതന പിരമിഡുകളും ചരിത്രവും പര്യവേക്ഷണം ചെയ്യാൻ ആഗ്രഹിക്കുന്ന വിനോദ സഞ്ചാരികളുടെ നഷ്ടം രാജ്യത്തെ സമസ്തമേഖലയിലും പ്രകടമാകും. മന്ദഗതിയിലുള്ള സാമ്പത്തിക വളർച്ചയും കുറഞ്ഞ വിദേശ നിക്ഷേപവും കാരണം ജോർദാനും ബുദ്ധിമുട്ടുകയാണെന്ന് അന്താരാഷ്ട്ര നാണയ നിധി പറയുന്നു. സമാന സാഹചര്യത്തിലാണ് ലെബനനും.
പലായനം ഉൾപ്പെടെയുളള വിഷയങ്ങളും അന്താരാഷ്ട്ര പ്രശ്നമാകും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മിഡിലീസ്റ്റ് രാജ്യങ്ങളുടെ സ്ഥിതി ദയനീയമാകുന്നത് ഗൾഫ് മേഖലിയിൽ പിരിമുറക്കമുണ്ടാക്കും. അങ്ങനെ സംഭവിച്ചാൽ അന്താരാഷ്ട്ര വിപണികളെയും ലോകമെമ്പാടുമുള്ള സമ്പദ്വ്യവസ്ഥകളെയും സാരമായി ബാധിക്കുമെന്നാണ് സാമ്പത്തിക സംഘടനകൾ വ്യക്തമാക്കുന്നത്.