സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷർ സേവന പ്ലാറ്റ്ഫോമിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി അധികൃതർ. പുതിയതായി എട്ട് സേവനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ സേവനങ്ങളുടെ പ്രഖ്യാപനം പൊതുസുരക്ഷാ വകുപ്പ് മേധാവി ജനറൽ മുഹമ്മദ് അൽ ബസ്സാമിയും നാഷണൽ ഇൻഫർമേഷൻ സെന്റർ മേധാവി ഡോക്ടർ ഉസാം അൽ വഖീതും ചേർന്ന് ഉദ്ഘാടനം ചെയ്തു.
ഒരേ കുടുംബത്തിൽ ഉൾപ്പെട്ടവരുടെ വാഹന ഉടമസ്ഥാവകാശ കൈമാറ്റം, കമ്പനികളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മാറ്റൽ, ഷോറൂമുകളിൽ നിന്ന് വാഹന രജിസ്ട്രേഷൻ അനുവദിക്കൽ, ബൈക്ക് ഉടമസ്ഥാവകാശ കൈമാറ്റവും രജിസ്ട്രേഷനും, മുൻകൂട്ടിയുള്ള ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ പുതുക്കൽ തുടങ്ങിയ സേവനങ്ങളാണ് പുതിയതായി അബ്ഷർ സേവന പ്ലാറ്റ്ഫോമിൽ ലഭ്യമാക്കിയിരിക്കുന്നത്.
നിലവിൽ സ്വദേശികൾക്കും വിദേശികൾക്കുമായി 350-ലധികം സേവനങ്ങളാണ് അബ്ഷർ പ്ലാറ്റ്ഫോം വഴി ലഭ്യമാക്കിയിരിക്കുന്നത്. സാധ്യമായ സേവനങ്ങൾ ഓൺലൈനായി നൽകി സർക്കാരിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.