ശ്രീലങ്കയിൽ ആക്ടിങ് പ്രസിഡന്റായ റനിൽ വിക്രമ സിംഗെയെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തു. പാർലമെന്റിൽ നടന്ന തിരഞ്ഞെടുപ്പിൽ 224 എം പിമാർ വോട്ടു ചെയ്തതിൽ 134 പേർ റനിലിനെ പിന്തുണച്ചു. ഭരണകക്ഷിയായ ശ്രീലങ്ക പൊതുജനപെരുമുനയിലെ വിമത നീക്കത്തെ അതിജീവിച്ചാണ് ജനകീയ പ്രക്ഷോഭങ്ങൾക്ക് ഇടയിൽ റനിൽ പ്രസിഡന്റ് പദവിയിലേക്കെത്തുന്നത്. മുൻ വാർത്താവിതരണ മന്ത്രിയും അഴിമതി വിരുദ്ധ നേതാവുമായ ഡള്ളസ് അലാഹപ്പെരുമുനയുടെ വിമത നീക്കത്തെ പ്രതിപക്ഷം പിന്തുണച്ചെങ്കിലും വിജയിച്ചില്ല. ജനകീയ രോഷത്തെ തുടർന്നു പലായനം ചെയ്ത മുൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ കാലവധിയായ നവംബർ വരെ റനിലിന് പ്രസിഡന്റ് പദവിയിൽ തുടരനാകും.
അതേ സമയം പുതിയ പ്രസിഡന്റിനെ ജനകീയ പ്രക്ഷോഭകർ അംഗീകരിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. റെനിൽ രജപക്സെ കുടുംബത്തിന്റെ നോമിനിയാണന്നാണ് ജനകീയ പ്രക്ഷോഭകർ ആരോപിക്കുന്നത്. പ്രസിഡന്റിന്റെ കൊട്ടാരം പ്രക്ഷോഭകർ കയ്യേറിയ ദിവസം പ്രധാനമന്ത്രിയായിരുന്ന റെനിലിന്റെ സ്വകാര്യ വീട് അഗ്നിക്കിരയാക്കിയിരുന്നു.