കൊല്ലം ആയൂരില്‍ നീറ്റ് പരീക്ഷയ്ക്കെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ ഇന്നലെ രാത്രി അറസ്റ്റിലായ അഞ്ച് പ്രതികളെയും റിമാന്‍ഡ് ചെയ്തു. കടയ്ക്കല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഇനിയും പ്രതികളെ പിടികൂടാനുള്ളതിനാല്‍ ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
പ്രതികള്‍ക്ക് ജാമ്യം നൽകിയാൽ അത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21ന്റെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. രണ്ട് കോളജ് ജീവനക്കാരും മൂന്ന് സുരക്ഷാ ഏജന്‍സി ജീവനക്കാരുമാണ് വിദ്യാര്‍ത്ഥിനിയെ അപമാനിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. എസ് മറിയാമ്മ, കെ മറിയാമ്മ എന്നിവര്‍ മാര്‍ത്തോമ കോളജിലെ ശുചീകരണ ജീവനക്കാരും ഗീതു, ജോത്സന, ബീന എന്നിവര്‍ സ്റ്റാര്‍ സുരക്ഷാ ഏജന്‍സി ജീവനക്കാരുമാണ് അറസ്റ്റിലായത്.
കൂടാതെ ആയൂര്‍ കോളജിനുള്ളിൽ കയറി കെട്ടിടത്തിന്റെ ജനലുകള്‍ അടിച്ചു തകര്‍ത്ത കേസില്‍ അറസ്റ്റിലായ എബിവിപി നേതാവിനെയും കടയ്ക്കല്‍ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
പരീക്ഷാ സുരക്ഷയുമായി ബന്ധപ്പെട്ട് മതിയായ പരിശീലനം ലഭിച്ചിട്ടില്ലാത്ത പത്തംഗ സംഘമാണ് വിദ്യാര്‍ത്ഥിനികളെ അപമാനിച്ചത്. ഇന്നലെ കോളജില്‍ എത്തിയ സൈബര്‍ പൊലീസ് സംഘം പരീക്ഷാദിവസത്തെ പരിശോധനയുടെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. സംഭവത്തില്‍ അധികൃതര്‍ക്ക് സംഭവിച്ച ഗുരുതരമായ വീഴ്ചകളുടെ കൂടുതല്‍ വിവരങ്ങളും പുറത്തുവന്നിരുന്നു.