ലിയോ ചിത്രത്തിന്റെ കേരള പ്രമോഷന്റെ ഭാഗമായി പാലക്കാടെത്തിയ സംവിധായകൻ ലോകേഷ് കനകരാജിന് പരുക്ക്. പാലക്കാട് അരോമ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുമാണ് ലോകേഷിന്റെ കാലിന് പരുക്കേറ്റത്. പരിക്കിനേത്തുടർന്ന് ഇന്ന് നടക്കേണ്ടിയിരുന്ന മറ്റ് തിയേറ്റർ വിസിറ്റുകൾ റദ്ദാക്കി. പരുക്ക് നിസാരമാണെന്നും കേരളത്തിലുള്ളവരെ കാണാൻ താൻ വീണ്ടും വരുമെന്നും സമൂഹ്യമാധ്യമത്തിലൂടെ ലോകേഷ് വ്യക്തമാക്കി.
പൂർണ സുരക്ഷാ സജ്ജീകരണങ്ങളോടെ നടത്തിയ ലിയോ ചിത്രത്തിന്റെ വിജയാഘോഷ പരിപാടിക്കിടെ ജനത്തിരക്കിനിടയിൽ അകപ്പെട്ടതിനേത്തുടർന്ന് കാലിന് പരിക്കേറ്റ ലോകേഷിനെ പാലക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് അദ്ദേഹം കോയമ്പത്തൂരിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ‘നിങ്ങളുടെ സ്നേഹത്തിന് നന്ദി കേരളം. നിങ്ങളെ എല്ലാവരെയും പാലക്കാട് വെച്ച് കണ്ടതിൽ അതിയായ സന്തോഷവും നന്ദിയും ഉണ്ട്. ആൾക്കൂട്ടത്തിനിടയിൽ ഒരു ചെറിയ പരുക്ക് കാരണം എനിക്ക് മറ്റ് രണ്ട് വേദികളിലും പ്രതസമ്മേളനത്തിലും പങ്കെടുക്കാൻൻ സാധിച്ചില്ല. കേരളത്തിൽ നിങ്ങളെ എല്ലാവരെയും കാണാൻ ഞാൻ തീർച്ചയായും മടങ്ങിവരും. അതുവരെ അതേ സ്നേഹത്തോടെ ലിയോ ആസ്വദിക്കുന്നത് തുടരുക’ എന്നാണ് എക്സ് പ്ലാറ്റ്ഫോമിൽ ലോകേഷ് കുറിച്ചത്.
സെവൻ സ്ക്രീൻ സ്റ്റുഡിയോ, ദ് റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമ്മിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. മികച്ച അഭിപ്രായങ്ങളും ഹൗസ്ഫുൾ ഷോകളുമായി റെക്കോർഡ് കലക്ഷനിലേക്ക് കുതിക്കുകയാണ് ലിയോ. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ലിയോയിൽ സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, തൃഷ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ താരങ്ങൾ ശ്രദ്ധേയമായ വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്.