ഖത്തർ എനർജിയും ഇറ്റാലിയൻ ഊർജ കമ്പനിയായ എനിയും തമ്മിൽ പ്രകൃതി വാതക വിതരണത്തിന് ധാരണയിലെത്തി. 2026 മുതൽ 27 വർഷത്തേക്കാണ് കരാർ കാലാവധി തീരുമാനിച്ചിരിക്കുന്നത്. ഊർജകാര്യ സഹമന്ത്രിയും ഖത്തർ പെട്രോളിയം സിഇഒയുമായ സാദ് ബിൻ ഷെരീദ അൽ കാബിയും എനിയുടെ സിഇഒ ക്ലോഡിയോ ഡെസ്കാൽസിയുമാണ് കരാറിൽ ഒപ്പുവച്ചത്.
പ്രതിവർഷം ഖത്തർ ഒരു ദശലക്ഷം ടൺ എൽഎൻജി ഇറ്റലിക്ക് നൽകണമെന്നാണ് കരാറിൽ വ്യവസ്ഥ ചെയ്യുന്നത്. ആഗോള ഊർജ രംഗത്ത് വ്യക്തമായ സ്ഥാനം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് ഖത്തർ പുതിയ കരാറിലേർപ്പെട്ടത്. ഖത്തറിന്റെ നോർത്ത് ഫീൽഡ് വികസന പദ്ധതിയിലെ പങ്കാളി കൂടിയാണ് എനി. നിലവിൽ ഇറ്റലിയ്ക്ക് ആവശ്യമായ പ്രകൃതിവാതകത്തിൽ 10 ശതമാനം നൽകുന്നത് ഖത്തറാണ്. ഫ്രാൻസിലേയ്ക്കും നെതർലൻഡിലേയ്ക്കും എൽഎൻജി വിതരണം ചെയ്യാൻ ഖത്തർ ഉണ്ടാക്കിയ കരാറുകൾക്കനുസരിച്ചാണ് ഇറ്റലിയുമായും കരാറിലെത്തിയിരിക്കുന്നത്.