നവീകരണ പ്രവർത്തനങ്ങളെ തുടര്‍ന്ന് അടച്ചിട്ടിരുന്ന കുവൈറ്റിലെ താരീഖ് റജബ് മ്യൂസിയം വീണ്ടും തുറന്നു. 1980 ലാണ് താരീഖ് എസ്. റജബ്, ജഹാൻ എസ്. റജബ് എന്നിവർ ചേർന്ന് ഈ മ്യൂസിയം സ്ഥാപിച്ചത്. ആറ് പതിറ്റാണ്ടുകളായി ശേഖരിച്ച 30,000 ലധികം പുരാവസ്തുക്കളുടെ വിപുലമായ ശേഖരം മ്യൂസിയത്തിലുണ്ട്. കൂടാതെ പതിനാലാം നൂറ്റാണ്ടിലെ കൈയെഴുത്തു പ്രതികളും കാലിഗ്രാഫിയും ഇസ്ലാമിക് മോണോക്രോമുകളും ഇസ്നിക് ടൈലുകലും പഴയകാല ആയുധങ്ങൾ എന്നിവയും ഇവിടെ സജ്ജമാണ്.
മാനുസ്ക്രിപ്റ്റ് ആൻഡ് കാലിഗ്രഫി, സെറാമിക്സ്,ഗോൾഡ് റൂം എന്നിവങ്ങനെ ഇവിടുത്തെ പുരാവസ്തുക്കളുടെ ശേഖരം തരം തിരിച്ചിട്ടുണ്ട്. ആദ്യകാല ഉമയ്യദ് ഖലീഫമാർ മുതൽ പേർഷ്യയിലെ ഖജാറുകൾ വരെയുള്ള കാലത്തെ കൃതികളുടെയും ഇസ്ലാമിക ലോകത്തുടനീളമുള്ള ഖുർആന്റെയും കൈയെഴുത്തു പ്രതികളുടെയും ശേഖരവും ശ്രദ്ധേയമാണ്.
ഇസ്ലാമിനും ഇസ്ലാമിക കാലത്തിനും മുമ്പുള്ള സ്വർണാഭരണങ്ങൾ പ്രദർശിപ്പിക്കുന്നതാണ് മ്യൂസിയത്തിലെ ഗോൾഡ് റൂം. മെസപ്പൊട്ടേമിയ, പേർഷ്യ, ട്രാൻസോക്സിയാന, ഈജിപ്ത്, സിറിയ, തുർക്കിയ, സ്പെയിൻ, ചൈന തുടങ്ങി ഇസ്ലാമിക ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മൺപാത്രങ്ങളും സെറാമിക്സും താരീഖ് റജബ് മ്യൂസിയത്തിലെ മറ്റൊരു പ്രത്യേകതയാണ്.
ജാബരിയ ബ്ലോക് 12, സ്ട്രീറ്റ് 5 ലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ശനി മുതല്‍ വ്യാഴം വരെയാണ് പ്രവൃത്തി ദിവസങ്ങൾ. രാവിലെ ഒൻപത് മണി മുതല്‍ വൈകുന്നേരം ഏഴ് മണി വരെയാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കുന്നത്. രണ്ട് ദീനാറാണ് പ്രവേശന ഫീസ്.