വിമാനക്കമ്പനിയായ ഇൻഡിഗോ എയർലൈൻസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലെ ഓരോ പോസ്റ്റിനും താഴെ മലയാളികളുടെ ട്രോൾ മഴ. എൽഡിഎഫ് കൺവീനർ ഇ പി ജയരാജന് ഇൻഡിഗോ യാത്രാവിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ അദ്ദേഹം നടത്തിയ ചില പ്രതികരണങ്ങൾ കാരണമാണ് പേജിൽ ട്രോൾ കമന്റുകൾ നിറയാൻ കാരണം. ഇൻഡിഗോക്കും ഇ പി ജയരാജനുമെതിരായുള്ള ട്രോളുകളും നിരവധിയാണ്.
യാത്രാവിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോ വൃത്തികെട്ട വിമാന കമ്പനി ആണെന്നും ഇൻഡിഗോ വിമാനത്തിൽ ഇനി താനോ കുടുംബമോ യാത്ര ചെയ്യില്ലെന്നുമുള്ള ഇ പി ജയരാജന്റെ പ്രഖ്യാപനം ട്രോൾ പേജുകളിലും വൈറലാണ്. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്നത് ഇൻഡിഗോ മാത്രമാണെന്ന് ഉള്ളത് അദ്ദേഹത്തിന് അറിയാമായിരുന്നോ എന്നാണ് ചിലരുടെ സംശയം.
കണ്ണൂരിലേക്ക് ഇനി മുതൽ നടന്നുപോകുന്ന ഇ പി ജയരാജൻ, ആകാശത്ത് കൂടി പറക്കുന്ന ഇൻഡിഗോ വിമാനത്തിന് കല്ലെറിയാൻ നോക്കുന്ന പാർട്ടി അണികൾ, ഇൻഡിഗോ പെയിന്റ് കടയ്ക്ക് മുന്നിലെ പ്രതിഷേധം, വിമാനത്തിന്റെ വില
ചോദിക്കുന്ന യുവ നേതാവ്, അങ്ങനെ തലങ്ങും വിലങ്ങും ഇ പി ജയരാജൻ ട്രോളുകളിൽ നിറയുകയാണ്. നടന്നുപോയാലും ഇൻഡിഗോ കമ്പനിയുടെ വിമാനത്തിൽ ഇനി കയറില്ലെന്നായിരുന്നു ഇ പി ജയരാജന്റെ പ്രസ്താവന.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിമാറ്റിയ സംഭവത്തിൽ ഇ പി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഇൻഡിഗോ ഏർപ്പെടുത്തിയിരുന്നു. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചത്തെ യാത്രാവിലക്കും ഇൻഡിഗോ ഏർപ്പെടുത്തിയിരുന്നു.