ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ന് പുലർച്ചെ വിജയ് നായകനായ ലോകേഷ് കനകരാജ് ചിത്രം ലിയോ റിലീസ് ചെയ്തു. സിനിമയുടെ റിവ്യൂകളും ആരാധകരുടെ ആവേശവുമെല്ലാം വാർത്തയാകുകയാണ്. ഇതിനിടെ തമിഴ്നാട്ടിലെ പുതുക്കോട്ടയിൽ നിന്ന് വ്യത്യസ്തമായ ഒരു ആരാധക സ്നേഹമാണ് വൈറൽ ആവുന്നത്.
ലിയോയുടെ റിലീസിന് തിയറ്ററിലെത്തി ഷോ അവസാനിച്ചതിന് ശേഷം തിയറ്ററിൽ വച്ച് തന്നെ വിവാഹിതരായിരിക്കുകയാണ് കടുത്ത വിജയ് ആരാധകരായ യുവാവും യുവതിയും. വെങ്കിടേഷനും മഞ്ജുളയുമാണ് കഥയിലെ താരം. നാളെയായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്ന തിയതി. എന്നാൽ, ലിയോ റിലീസ് ഇന്നായതിനാൽ വിവാഹ വേഷത്തിൽ തിയറ്ററിലെത്തി ഷോ കഴിഞ്ഞ ഉടനെ ഇരുവരും മാലയിടുകയും മോതിരം കൈമാറുകയുമായിരുന്നു.
എട്ടു മാസമായി ഈ നിമിഷം സ്വപ്നം കാണുകയായിരുന്നെന്ന് ഈ വിജയ് ആരാധക ദമ്പതികൾ പറയുന്നു. അതേസമയം വിജയ്യുടെ സാന്നിധ്യത്തിൽ വിവാഹിതരാകാനായിരുന്നു ആഗ്രഹമെന്നും അത് സാധിക്കാത്തതിനാലാണ് ഇങ്ങനെ ചെയ്തതെന്നും വെങ്കിടേഷനും മഞ്ജുളയും പറഞ്ഞു. ദളപതി വിജയ് മക്കൾ ഇയക്കം അംഗങ്ങളും ഇവരുടെ കൂടെ തിയറ്ററിൽ ഉണ്ടായിരുന്നു. വിജയ് ആരാധകർക്കൊപ്പം ഫോട്ടോ എടുത്ത ശേഷമാണ് നവ ദമ്പതികൾ മടങ്ങിയത്.