യുഎഇയിൽ മരുന്നുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ വാട്സ്ആപ്പിലൂടെ അറിയാൻ പുതിയ സേവനം ആരംഭിച്ച് ആരോഗ്യ മന്ത്രാലയം. ദുബായിൽ നടക്കുന്ന 43ാമത് ജിടെക്സ് ഗ്ലോബൽ പ്രദർശനത്തിലാണ് മന്ത്രാലയം വാട്സ്ആപ്പിലൂടെ പ്രവർത്തിക്കുന്ന ഈ മെഡിക്കൽ പ്രോഡക്ട്സ് ഡയറക്ടറി സേവനം അവതരിപ്പിച്ചത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിലാണ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്.
രാജ്യത്ത് ഉപയോഗിക്കാൻ അനുമതിയുള്ള ഓരോ മരുന്നുകളുടെയും ശരിയായ പേര്, അവയിലെ ചേരുവകൾ, ഔഷധനിര്‍മ്മാണം സംബന്ധിച്ച വിവരങ്ങൾ, വില, ഉപയോഗം, ചികിത്സാ രീതി, പാക്കേജിങ്ങ് സംബന്ധിയായ വിവരങ്ങൾ തുടങ്ങിയവ ഇതുവഴി അതിവേഗം അറിയാൻ സാധിക്കും. മരുന്നുകളുടെ ഉപയോഗത്തിൽ വരുന്ന പിഴവുകൾ പരമാവധി ഒഴിവാക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഈ സേവനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. വാട്സ്ആപ്പിലൂടെ 0097142301221 എന്ന നമ്പറിലേക്ക് Hi എന്ന സന്ദേശം അയക്കുമ്പോഴാണ് വ്യക്തികൾക്ക് ഈ സേവനം ലഭ്യമാകുന്നത്.