69-മത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ രാഷ്ട്രപതിയിൽ നിന്നും ദേശീയ പുരസ്കാരം ഏറ്റുവാങ്ങി മലയാളത്തിന്റെ പ്രിയതാരം ഇന്ദ്രന്‍സ്. ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നാണ് താരം പുരസ്കാരം ഏറ്റുവാങ്ങിയത്. ഹോം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇന്ദ്രൻസിന് പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചത്.
എട്ട് വിഭാഗങ്ങളിലാണ് മലയാള സിനിമ ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയത്. ഫീച്ചർ, നോൺ ഫീച്ചർ വിഭാഗങ്ങളിലായാണ് സമ്മാനം ലഭിച്ചത്. മികച്ച മലയാള ചിത്രമായി തിരഞ്ഞെടുത്ത ഹോമിന് വേണ്ടി നിർമ്മാതാവ് വിജയ് ബാബു പുരസ്കാരം ഏറ്റുവാങ്ങി. ഷാഹി കബീറാണ് മികച്ച തിരക്കഥാകൃത്ത്. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് എന്ന ചിത്രത്തിനാണ് പുരസ്കാരം. മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്കാരം മേപ്പടിയാൻ എന്ന ചിത്രത്തിന് വിഷ്ണു മോഹൻ ഏറ്റുവാങ്ങി. കൃഷാന്ത് സംവിധാനം ചെയ്ത ‘ആവാസവ്യൂഹ’മാണ് മികച്ച പരിസ്ഥിതി ചിത്രം.