പട്രോളിങ്ങിന് ഡ്രൈവറില്ലാ വാഹനവുമായി നിരത്തിലിറങ്ങാനൊരുങ്ങി ദുബായ് പൊലീസ്. നഗരത്തിലെ റസിഡൻഷ്യൽ ഏരിയകളിലെ സുരക്ഷാ നിരീക്ഷണത്തിന് ഉപയോഗിക്കാനാണ് ഡ്രൈവറില്ലാ വാഹനം വികസിപ്പിച്ചത്. ജൈറ്റെക്സ് വേദിയിലാണ് അതിനൂതന സംവിധാനങ്ങളോടുകൂടിയ വാഹനം പൊലീസ് പരിചയപ്പെടുത്തിയത്. പൂർണമായും ഇലക്ട്രിക്കായ ഈ വാഹനം 15 മണിക്കൂർ വരെ തുടർച്ചയായി പ്രവർത്തിക്കാൻ ശേഷിയുള്ളതാണ്. മണിക്കൂറിൽ ഏഴ് കിലോ മീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ഈ വാഹനത്തിന് സാധിക്കും.
ദുബായ് പൊലീസ് ജനറൽ ഡിപ്പാർട്മെന്റ് ഭരണകാര്യ വിഭാഗമാണ് മേളയിലെ സന്ദർശകർക്കുമുന്നിൽ വാഹനം പരിചയപ്പെടുത്തിയത്. ഈ വാഹനത്തിൽ 360 ഡിഗ്രി നിരീക്ഷണ സംവിധാനമുള്ള ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. കുറ്റകൃത്യങ്ങൾ തിരിച്ചറിയാനും പ്രതികളുടെ മുഖവും വാഹനങ്ങളുടെ നമ്പറുകളും പകർത്തിയെടുക്കാനും വാഹനത്തിന് സാധിക്കും. നിർബന്ധിത ബുദ്ധിയടക്കം നവീന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഇത്തരം സംവിധാനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
പട്രോളിങ് കാര്യക്ഷമമാക്കുന്നതിന് ഡ്രോണുകളും ഏർപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കി. വാഹനങ്ങൾക്ക് എത്തിച്ചേരാൻ കഴിയാത്ത സ്ഥലങ്ങളിലും നിരീക്ഷണം സാധ്യമാക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്.