ലോകത്തിലെ ഏറ്റവും വലിയ ഫാം എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി സൗദി അറേബ്യ. റിന്യൂവബിൾ വാട്ടർ അഗ്രികൾച്ചറിനായുള്ള ഗവേഷണ യൂണിറ്റിന്റെ വിപുലീകരണ ഫാം അസീർ മേഖലയിലെ വാദി ബിൻ ഹഷ്ബാലിലാണ് സ്ഥിതി ചെയ്യുന്നത്. വിസ്തൃതിയുടെ അടിസ്ഥാനത്തിലാണ് ഫാം വേൾഡ് റെക്കോർഡിന് അർഹമായത്.
3.2 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഫാം രണ്ട് ഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. ഓരോന്നിലും 500 ക്യുബിക് മീറ്റർ ശേഷിയുള്ള കോൺക്രീറ്റ് ടാങ്കും ഒരുക്കിയിട്ടുണ്ട്. കൃഷിയിടത്തിലെ വിളകൾക്ക് ആവശ്യമായ ജലസേചനം നടത്തുന്നത് ഈ ഓട്ടോമാറ്റിക് ജലസേചന ശൃംഖല ഉപയോഗിച്ചാണ്. അഞ്ച് എയർകണ്ടീഷൻ ചെയ്ത ഹരിതഗൃഹങ്ങളും മറ്റ് നിരവധി ഘടനകളും ഫാമിൽ ഉണ്ട്. ജലസേചനം, വളപ്രയോഗം, പ്രതിരോധം, ഉപകരണ പരിപാലനം തുടങ്ങി വിവിധ മേഖലകളിലും ഫാം വ്യത്യസ്തത നിലനിർത്തുന്നുണ്ട്.
ഫലവൃക്ഷങ്ങൾക്കായി 50 വയലുകളും സമീപഭാവിയിൽ കൃഷി ചെയ്യാനായി നീക്കിവെച്ചിരിക്കുന്ന 20-ലധികം വയലുകളും ഫാമിലെ പ്രധാന ആകർഷണങ്ങളാണ്. വിവിധതരം പച്ചക്കറികൾ, പഴവർഗങ്ങൾ തുടങ്ങിയവയുടെ വൈവിധ്യമാർന്ന ശേഖരമാണ് ഫാമിൽ ഒരുക്കിയിട്ടുള്ളത്.