ലോകത്തെ ഏറ്റവും വലിയ ടെക്നോളജി പ്രദർശന മേളയായ ജൈറ്റക്സ് ഗ്ലോബലിന്റെ 43-ാം പതിപ്പിന് ഇന്ന് ദുബായിൽ തുടക്കമാകും. ഇന്നു മുതൽ ഇരുപതാം തീയതിവരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന മേളയിൽ 180 രാജ്യങ്ങളുടെ പങ്കാളിത്തമുണ്ടാകും. 1,80,000 ടെക് എക്സിക്യൂട്ടീവുകളെയും അണിനിരത്തിയാണ് ജൈറ്റക്സ് ഗ്ലോബലിന്റെ 43-ാമത് പതിപ്പ് അരങ്ങേറുന്നത്.
വിവിധ രാജ്യങ്ങളിൽ നിന്നായി ആറായിരത്തോളം ടെക്നോളജി-ഇലക്ടോണിക്സ് സ്ഥാപനങ്ങൾ അഞ്ചു ദിവസത്തെ മേളയിൽ പങ്കെടുക്കും. സ്റ്റാർട്ടപ്പുകൾ അടക്കം ഇന്ത്യയിൽ നിന്നും വലിയ പങ്കാളിത്തമാണ് ഇത്തവണ മേളയിൽ ഉണ്ടാവുക.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ കുതിപ്പാകും ഇത്തവണത്തെ പ്രധാന ആകർഷണം. നൂതന കണ്ടുപിടുത്തങ്ങൾ നേരിട്ട് കാണാനും അവസരമുണ്ടാകും.ഇന്ത്യയിൽ നിന്ന് സ്റ്റാർട്ടപ്പുകൾ ഉൾപ്പടെ നിരവധി കമ്പനികൾ ജൈറ്റക്സിന്റെ ഭാഗമാകും. പ്രദർശനത്തോടനുബന്ധിച്ച് സമ്മേളനങ്ങൾ, ശിൽപ്പ ശാലകൾ എന്നിവയും സംഘടിപ്പിക്കും.