ലോകത്തിലെ ഏറ്റവും വലിയ അഗ്നിശമന സംഘവുമായി കരാറിലേർപ്പെട്ട് ദുബായ് സിവിൽ ഡിഫൻസ് അതോറിറ്റി. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ ഫയർ പ്രൊട്ടക്ഷൻ ഓർഗനൈസേഷനുമായാണ് അതോറിറ്റി സഹകരണ കരാറിലെത്തിയത്. എമിറേറ്റിന്റെയും ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി മികച്ച അഗ്നിരക്ഷ സംവിധാനങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് കരാറിലേർപ്പെട്ടത്.
നൂതനമായ സംവിധാനങ്ങളൊരുക്കി തീപ്പിടിത്തങ്ങളിൽ നിന്നും തീപ്പിടിത്ത സാധ്യതകളിൽ നിന്നും ജനങ്ങൾക്കും സ്വത്തിനും സുരക്ഷയൊരുക്കാനാണ് കരാറിലൂടെ ലക്ഷ്യമിടുന്നതെന്ന് ദുബായ് സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ മേജർ ജനറൽ റാഷിദ് ഥാനി അൽ മതശി പറഞ്ഞു. ഏറ്റവും മികച്ച സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള നൂതന സംവിധാനങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്ന ദുബായ് സിവിൽ ഡിഫൻസ് അതോറിറ്റിയെ നാഷണൽ ഫയർ പ്രൊട്ടക്ഷൻ ഓർഗനൈസേഷൻ അധികൃതർ അഭിനന്ദിച്ചു.