ബാബരി മസ്ജിദ് കേസിൽ സുപ്രിം കോടതി വിധി വന്ന് നാല് വർഷത്തിന് ശേഷം അയോധ്യയിൽ നിർമിക്കുന്ന മുസ്ലിം പള്ളിയുടെ പുതിയ രൂപകല്‍പ്പനയും പേരും അനാവരണം ചെയ്തു. ആർക്കിടെക്റ്റ് ഇമ്രാൻ ഷെയ്ഖാണ് പള്ളി രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്. മുഹമ്മദ് ബിന്‍ അബ്ദുള്ള എന്ന പേരാണ് പള്ളിക്ക് നൽകിയ പേര്. 4500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലായിരിക്കും പള്ളി നിര്‍മിക്കുക.
വ്യാഴാഴ്ച മുംബൈയിലെ രംഗ് ശാരദ ഹാളിൽ നടന്ന പൊതുയോഗത്തിലാണ് പുതിയ പള്ളിയുടെ രൂപകല്‍പനയും പേരും അനാവരണം ചെയ്തത്. 9,000 വിശ്വാസികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള രാജ്യത്തെ ഏറ്റവും വലിയ മസ്ജിദായിരിക്കും ഇതെന്ന് അധികൃതര്‍ അറിയിച്ചു. അയോധ്യക്ക് 25 കിലോമീറ്റർ അകലെയുള്ള ദാനിപൂരിലെ അഞ്ച് ഏക്കർ സ്ഥലത്താണ് പള്ളി നിർമിക്കുക. വ്യാഴാഴ്ച നടന്ന ചടങ്ങിൽ ഇസ്‌ലാമിലെ വിവിധ വിഭാഗങ്ങളിൽപ്പെട്ട മുതിർന്ന പുരോഹിതന്മാർക്ക് ഇഷ്ടിക കൈമാറുകയും രൂപകൽപ്പന അനാച്ഛാദനം ചെയ്യുകയും ചെയ്തു.
ബാബ്റി മസ്ജിദ് പള്ളിക്ക് പകരമായാണ് പുതിയ പള്ളി നിർമിക്കുക. ഓൾ ഇന്ത്യ റബ്ത-ഇ-മസാജിദിനെയും ഇന്തോ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷനെയും പ്രതിനിധീകരിക്കുന്ന സംഘമുള്‍പ്പെടെ പൊതു യോഗത്തിൽ പങ്കെടുത്തു. മാത്രമല്ല, നേരത്തെ തീരുമാനിച്ച രൂപകല്‍പ്പനക്ക് വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പുയര്‍ന്നെന്നും അതുകൊണ്ടാണ് പുതിയ രൂപ കല്‍പ്പന തയ്യാറാക്കിയതെന്ന് ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോർഡ് ചെയർമാൻ സുഫർ അഹമ്മദ് ഫാറൂഖി പറഞ്ഞു.
അതേസമയം മത നേതാക്കൾ മാസങ്ങൾ നീണ്ട ചർച്ചകൾകൾ നടത്തിയതിന് ശേഷമാണ് പള്ളിയുടെ പേര് തീരുമാനമായത്. മാത്രമല്ല, മുഹമ്മദ് നബിയുടെയും അദ്ദേഹത്തിന്റെ പിൻഗാമികളായ ഹസ്രത്ത് അബൂബക്കർ, ഹസ്രത്ത് അലി, ഹസ്രത്ത് ഉമർ, ഹസ്രത്ത് ഉസ്മാൻ എന്നീ നാല് ഖലീഫമാരുടെയും പേരിലായിരിക്കും പള്ളിയുടെ അഞ്ച് കവാടങ്ങൾ അറിയപ്പെടുക.