കുവൈത്തിലെ സ്വകാര്യ മെഡിക്കൽ ക്ലിനിക്കുകളിൽ പരിശോധന ശക്തമാക്കി ആരോഗ്യ മന്ത്രാലയം. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് പരിശോധനകൾ നടത്തിയത്. രാജ്യത്തെ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കേണ്ടത് പ്രധാനമാണെന്നും നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിലും വിവിധ ഗവർണറേറ്റിലെ ആരോഗ്യ കേന്ദ്രങ്ങളിൽ പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം രാജ്യത്ത് നടത്തിയ പരിശോധനയിൽ ആരോഗ്യ നിയമങ്ങൾ ലംഘിച്ച നാല് ബ്യൂട്ടി ക്ലിനിക്കുകൾ അടച്ചുപൂട്ടിയിരുന്നു. വിവിധ മന്ത്രാലയങ്ങൾ സംയുക്തമായി നടത്തിയ കാമ്പയിനിലാണ് നിയമലംഘനം കണ്ടെത്തിയത്. പിടിയിലായവരെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് വിവിധ മേഖലകൾ കേന്ദ്രീകരിച്ച് കാമ്പയിൻ സംഘടിപ്പിച്ചത്.