മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെ സർക്കാർ പെട്രോൾ-ഡീസൽ വില കുറച്ചു. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം കുറച്ചത്.
ഇന്ധന വില കുറയ്ക്കുമെന്ന് ഏകനാഥ് ഷിൻഡെ സർക്കാർ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. മുംബൈയിൽ പെട്രോൾ ലിറ്ററിന് 111 രൂപ 35 പൈസയും ഡീസലിന് 97 രൂപ 28 പൈസയുമാണ് ഇപ്പോൾ വില. പുതിയ വില പ്രാബല്യത്തിൽ വരുന്നതോടെ പെട്രോൾ ലിറ്ററിന് 106.35 രൂപക്കും ഡീസൽ 94.28 രൂപക്കും ലഭിക്കും.
മുൻപ് മെയ്യിൽ മഹാരാഷ്ട്ര സർക്കാർ പെട്രോളിന് 2.08 രൂപയും ഡീസലിന് 1.44 രൂപയും വാറ്റ് കുറച്ചിരുന്നു. വാറ്റ് വരുമാനത്തിന്റെ കാര്യത്തിൽ മുന്നിലാണ് മഹാരാഷ്ട്ര. 2021-22ൽ സംസ്ഥാന സർക്കാർ വാറ്റ് വഴി 34,002 കോടി രൂപയാണ് നേടിയത്. തൊട്ടുപിന്നിലുള്ള ഉത്തർപ്രദേശിന്റെ വരുമാനം 26,333 കോടി രൂപയാണ്.