ഇസ്രായേലിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് വിദേശകാര്യവക്താവ് അരിന്ദംബാഗ്ചി. ഇതിനായി ‘ഓപ്പറേഷൻ അജയ്’ എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിന് ഇന്ന് തുടക്കമാവും. നാളെ രാവിലെ ആദ്യസംഘം ഇന്ത്യയിൽ എത്തും. 250 ഓളം പേരാണ് ആദ്യ സംഘത്തിൽ ഉള്ളത്. മാത്രമല്ല, ഇസ്രായേലിൽ നിന്ന് മടങ്ങിവരാൻ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും രാജ്യത്ത് എത്തിക്കുമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇസ്രായേലിൽ സംഭവിച്ചത് ഭീകരവാദ ആക്രമണം ആണെന്നതിൽ ഇന്ത്യയ്ക്ക് യാതൊരു സംശയവുമില്ല. പാലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് സുവ്യക്തമാണ്. പാലസ്തീൻ എന്ന രാജ്യത്തിന്റെ സ്വയം ഭരണത്തെ അംഗീകരിക്കുന്നുണ്ട്. എന്നാൽ ഭീകരതയ്ക്കെതിരെ അന്താരാഷ്ട്ര കൂട്ടായ്മ അനിവാര്യമാണെന്നും അദ്ദേഹം പ്രതികരിച്ചു.
അഫ്ഗാനിസ്ഥാനിൽ നിന്ന് ഓപ്പറേഷൻ ദേവി ശക്തി, യുക്രൈനിൽ നിന്ന് ഓപ്പറേഷൻ ഗംഗ എന്നിങ്ങനെ അത്യാവശ്യ ഘട്ടങ്ങളിൽ ഇന്ത്യക്കാരെ രാജ്യത്തേക്ക്തിരികെ എത്തിച്ചിട്ടുണ്ട്. ഈ രണ്ട് ദൗത്യങ്ങൾക്കു ശേഷമാണ് ഇസ്രായേലിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ഓപ്പറേഷൻ അജയിന് ഇന്ന് തുടക്കമാകുന്നത്. ആദ്യ ചാർട്ടേർഡ് വിമാനം ഇന്ന് രാത്രി ടെൽ അവീവിലെ ബെൻഗുറിയോൺ വിമാനത്താവളത്തിൽ നിന്നാണ് പുറപ്പെടുക.
അതേസമയം ഇതുവരെ രണ്ടായിരത്തിലധികം പേർ ഇസ്രായേലിൽ നിന്ന് മടങ്ങാൻ താൽപര്യം അറിയിച്ചിട്ടുണ്ട് എന്നാണ് സൂചന. ഇതിൽ ഭൂരിഭാഗവും ഇസ്രായേലിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളാണ്. ആദ്യ ബാച്ച് ഇന്ന് പുറപ്പെടുമെന്നും കൂടുതൽ വിമാനങ്ങൾ ഈ ദൗത്യത്തിൻ്റെ ഭാഗമാകുമെന്നും വിദേശകാര്യമന്ത്രാലയം കൂട്ടിച്ചേർത്തു.