തിരക്കുള്ള സ്ഥലങ്ങളിലെ പ്രധാന പ്രശ്നങ്ങളിലൊന്നാണ് പാർക്കിങ്. പാർക്കിങ്ങിന് സ്ഥലം കണ്ടെത്തുകയെന്നാൽ നിസാരവുമല്ല. എന്നാൽ ജനത്തിരക്കേറിയ ദോഹ സെൻട്രൽ ഗോൾഡ് സുഖ് ഏരിയയിലെ വാഹന പാർക്കിങ് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് നഗരസഭ. ഈ മേഖലയിൽ പുതിയ പബ്ലിക് പാർക്കിങ് ഏരിയയാണ് ഉദ്ഘാടനം ചെയ്തത്. ഓൾഡ് അൽ ഗാനിം (പഴയ ഗോൾഡ് സൂഖ്) ഏരിയയിൽ പഴയ അൽ ഗാനിം ബസ് സ്റ്റേഷൻ സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് പുതിയ പബ്ലിക് പാർക്കിങ് നിർമ്മിച്ചത്.
നഗരസഭ മന്ത്രാലയവും പൊതുഗതാഗത കമ്പനിയായ മൊസലാത്തും ചേർന്നാണ് പാർക്കിങ് ഏരിയയുടെ ഉദ്ഘാടനം നിർവഹിച്ചത്. ദോഹ സെൻട്രൽ ഗോൾഡ് സൂഖ് ഏരിയയിൽ വാഹന പാർക്കിങ്ങിന്റെ ആവശ്യകത വർധിച്ച സാഹചര്യത്തിലാണ് പഴയ ബസ് സ്റ്റേഷൻ പബ്ലിക് പാർക്കിങ് ആക്കി മാറ്റാൻ അധികൃതർ തീരുമാനിച്ചത്. സെൻട്രൽ ദോഹയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാണ് പുതിയ നടപടി.