അഞ്ച് സെന്റീമീറ്റർ നീളമുള്ള പിൻ വിഴുങ്ങിയ 18 മാസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ രക്ഷിച്ച് യുഎഇയിലെ ഡോക്ടർമാർ. തമീം എന്ന 18 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞാണ് അബദ്ധത്തിൽ പിൻ വിഴുങ്ങിയത്. സംഭവം നടന്ന് ഏകദേശം 48 മണിക്കൂറിന് ശേഷം തമീം വയറ്റിൽ മുറുകെപ്പിടിച്ച് കരയുന്നത് കണ്ടാണ് മാതാപിതാക്കൾ ശ്രദ്ധിച്ചത്. ഒരു പിൻ തമീമിന്റെ കയ്യിലിരിക്കുന്നത് കണ്ടുവെന്ന് മൂത്ത സഹോദരി പറഞ്ഞപ്പോഴാണ് കാര്യത്തിന്റെ ഗൗരവം മാതാപിതാക്കൾക്ക് മനസ്സിലായത്.
ഉടൻ തന്നെ തമീമിന്റെ പിതാവ് മുഹമ്മദ് റഗാബ് കുഞ്ഞിനെ അടുത്തുള്ള ഒരു മെഡിക്കൽ സ്ഥാപനത്തിലെത്തി ഡോക്ടർമാരെ കണ്ടു. തുടർന്ന് ഒരു പീഡിയാട്രിക് സർജനെ കാണാൻ ഉപദേശിച്ചു. തമീമിനെ തുംബെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ എത്തിച്ചു, അവിടെ സിടി സ്കാൻ നടത്തി പിൻ എവിടെയാണെന്ന് കൃത്യമായി കണ്ടെത്തി.
അജ്മാനിലെ തുംബെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ പീഡിയാട്രിക് സർജനായ ഡോ.മുഫീഖ് ഗജ്‌ധറും സംഘവും ചേർന്ന് നിർണ്ണായകമായ ലാപ്രോട്ടമി ശസ്ത്രക്രിയ നടത്തിയാണ് പിൻ നീക്കം ചെയ്തത്. “5 സെന്റീമീറ്റർ നീളമുള്ള പിൻ കുട്ടിയുടെ കരളിൽ തന്നെ തങ്ങിനിൽക്കുകയും അതിന്റെ മൂർച്ചയുള്ള അറ്റം കുടലിലൂടെ തുളച്ചുകയറുകയും ചെയ്തു. ഇത് സുപ്രധാന അവയവങ്ങളിലേക്ക് അണുബാധ പടരുന്നതിനും ചുറ്റുമുള്ള രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുന്നതിനും ആന്തരിക രക്തസ്രാവം ഉണ്ടാക്കുന്നതിനും ഗുരുതരമായ അപകടസാധ്യതയാണ് ഉയർത്തിയത് എന്ന്, ”ഡോ ഗജ്ധർ പറഞ്ഞു.