എൺപതുകളിൽ തെന്നിന്ത്യയിലെ തിരക്കേറിയ നായികമാരിൽ ഒരാളായിരുന്നു മാധവി. നായിക സങ്കല്പങ്ങൾക്ക് പുതിയ മുഖം നൽകിയ അഭിനേത്രി എന്നുതന്നെ പറയാം. വിവാഹത്തോടെ അഭിനയത്തോട് വിട പറഞ്ഞ മാധവി സോഷ്യൽ മീഡിയയിലൂടെ തന്റെ കുടുംബത്തിന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കിടാറുണ്ട്. ഇപ്പോൾ അത്തരത്തിൽ മാധവി പങ്കുവെച്ച തന്റെ ഇളയ മകളുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്.
ഇളയമകൾ ടിഫാനിക്ക് പിറന്നാൾ ആശംസകൾ നേർന്നായിരുന്നു മകളുടെ ചിത്രങ്ങൾ താരം ആരാധകരുമായി പങ്കുവെച്ചത്. ‘ജന്മദിനാശംസകൾ ടിഫാനി ഗൗരിക. നിന്റെ സൗമ്യമായ മനോഭാവം, ആന്തരിക സൗന്ദര്യം, തലയെടുപ്പ് എന്നിവയെ ഞാൻ അഭിനന്ദിക്കുന്നു’ എന്നാണ് മകളുടെ ചിത്രത്തിനൊപ്പം അടിക്കുറിപ്പായി മാധവി കുറിച്ചത്. താരത്തിന്റെ ഇളയമകളെ കാണാൻ അമ്മയെപ്പോലെ തന്നെയുണ്ടെന്നായിരുന്നു ആരാധകരുടെയും സുഹൃത്തുക്കളുടെയും കമന്റ്. അമ്മയുടെ തലയെടുപ്പ് അതേപോലെ മകൾക്കും ലഭിച്ചിട്ടുണ്ടെന്നും ചിലർ അഭിപ്രായപ്പെട്ടു.
വിവാഹത്തോടെ അഭിനയത്തോട് വിട പറഞ്ഞ മാധവി ബിസിനസുകാരനായ റാൽഫ് ശർമയ്ക്കൊപ്പം അമേരിക്കയിലാണ് താമസം. പ്രിസില, ഈവ്ലിൻ, ടിഫാനി എന്നിങ്ങനെ മൂന്ന് പെൺമക്കളാണ് മാധവി – റാൽഫ് ദമ്പതികൾക്ക് ഉള്ളത്. ആന്ധ്രപ്രദേശ് സ്വദേശിയായ കനക വിജയലക്ഷ്മി എന്ന മാധവി ഒരുകാലത്ത് കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലെ നിറസാന്നിധ്യമായിരുന്നു. ഒരു വടക്കൻ വീരഗാഥ, ആകാശദൂത്, ഒരു കഥ ഒരു നുണക്കഥ, ആയിരം നാവുളള അനന്തൻ, നൊമ്പരത്തിപ്പൂവ് എന്നിങ്ങനെ നിരവധി മലയാള ചിത്രങ്ങളിലാണ് മാധവി അഭിനയിച്ച് തകർത്തത്.