മലയാളികൾക്ക് പ്രിയപ്പെട്ട ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സീരീസ് ‘സിബിഐ ഡയറിക്കുറിപ്പി’ന് ആറാം ഭാഗമുണ്ടെന്ന് സംവിധായകൻ കെ മധു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും സംവിധായകൻ പറഞ്ഞു. ‘സിബിഐ 5 ദ ബ്രെയ്ൻ’ ആയിരുന്നു ഈ സീരീസിലെ അവസാന ചിത്രം. മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് അഞ്ചാം ഭാഗത്തിന് വേണ്ട വിധത്തിലുള്ള സ്വീകാര്യത ബോക്സ് ഓഫീസിൽ ലഭിച്ചില്ലെങ്കിലും പഴയ സേതുരാമയ്യരെ അണുവിട വ്യത്യസമില്ലാതെ അവതരിപ്പിച്ച മമ്മൂട്ടിയുടെ പ്രകടനത്തിന് കൈയ്യടി ലഭിച്ചിരുന്നു.
സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ച് ഭാഗങ്ങളും പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. ആറാം ഭാഗംകൂടി വരുന്നതോടെ പുതിയ റെക്കോർഡാണ് ചിത്രം സ്വന്തമാക്കാൻ പോകുന്നത്.
എസ് എൻ സ്വാമി ഒരുക്കിയ തിരക്കഥയിൽ സ്വർഗചിത്ര അപ്പച്ചനാണ് ചിത്രം നിർമ്മിച്ചത്. മലയാള സിനിമയിൽ നിരവധി ബ്ലോക്ക് ബസ്റ്റർ ഹിറ്റുകൾ സമ്മാനിച്ച സ്വർഗ്ഗചിത്രയുടെ വർഷങ്ങൾക്ക് ശേഷമുള്ള ശക്തമായ തിരിച്ചുവരവായിരുന്നു സിബിഐയുടെ അഞ്ചാം ഭാഗം. 1988-ൽ ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’ എന്ന പേരിലായിരുന്നു ആദ്യ വരവ്.