2023ലെ സാമ്പത്തിക നോബേൽ പുരസ്കാരം യുഎസ് സാമ്പത്തിക ശാസ്ത്രജ്ഞ ക്ലോഡിയ ഗോൾഡിന്. തൊഴിൽ മേഖലയിലെ സ്ത്രീകളെ കുറിച്ചുള്ള പഠനത്തിനാണ് ക്ലോഡിയ പുരസ്കാരത്തിന് അർഹയായത്. അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞയും ചരിത്രകാരിയുമാണ് ക്ലോഡിയ. ഇപ്പോൾ ഹാർവാർഡ് സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്ര വിഭാഗം പ്രഫസറാണ് അവർ.
സ്ത്രീ തൊഴിൽ ശക്തി, ലിംഗ ഭേദം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ക്ലോഡിയ ഗവേഷണം നടത്തിയിട്ടുണ്ട്. കൂടാതെ 2013-14 വർഷങ്ങളിൽ അമേരിക്കൻ ഇക്കണോമിക്സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനവും ഇവർ വഹിച്ചിട്ടുണ്ട്. അതേസമയം സാമ്പത്തിക നോബേലിന് അർഹയാവുന്ന മൂന്നാമത്തെ വനിതകൂടിയാണ് ക്ലോഡിയ.
ആല്‍ഫ്രഡ് നോബേലിന്റെ സ്മരണാർത്ഥം സാമ്പത്തിക ശാസ്ത്രത്തിനുള്ള സ്വെറിജസ് റിക്സ്ബാങ്ക് പ്രൈസ് എന്ന് ഔദ്യോഗികമായി നാമകരണം ചെയ്തിട്ടുള്ളതാണ് പുരസ്കാരം. ഒൻപത് ലക്ഷം ഡോളറാണ് സമ്മാനത്തുക. 1969നും 2022നുമിടയിലായി 54 സാമ്പത്തിക നോബേലാണ് ഇതുവരെ സമ്മാനിച്ചത്. ഇതിനു മുൻപ് ഇലിനോർ ഓസ്ട്രം(2009), എസ്തർ ഡഫ്ലോ(2019)എന്നിവരാണ് സാമ്പത്തിക നബേൽ നേടിയിട്ടുള്ളത്. 2022ൽ മൂന്നുപേരാണ് സാമ്പത്തിക നോബേൽ പങ്കിട്ടത്.