കുവൈത്തിൽ പ്രമേഹം പിടിപെടുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. പ്രമുഖ പ്രമേഹ ചികിത്സാ വിദഗ്ധൻ ഡോ. സിദാൻ അൽ മസീദിയാണ് ഇത് സംബന്ധിച്ച വിവരം വെളിപ്പെടുത്തിയത്. എസൻഷ്യൽസ് ഓഫ് എൻഡോക്രൈനോളജി ആന്റ് ഡയബറ്റിസ് സംഘടിപ്പിച്ച ദ്വിദിന കോൺഫറൻസിൽ സംസാരിക്കവെയാണ് അൽ മസീദി റിപ്പോർട്ട് അവതരിപ്പിച്ചത്.
ഓരോ ദിവസം കഴിയുംതോറും കുവൈത്തിലെ കുട്ടികളിൽ പ്രമേഹം വർധിക്കുകയാണ്. നിലവിലെ ഭക്ഷണ രീതിയും ജീവിത ശൈലിയുമാണ് പ്രധാന കാരണം. കുട്ടികളുടെ ജീവിതരീതി ആരോഗ്യകരമാക്കി മാറ്റുക എന്നതാണ് ഇത്തരത്തിലുള്ള ആരോഗ്യപരമായ വെല്ലുവിളികളെ ചെറുക്കുന്നതിനുള്ള മാർഗമെന്നും അൽ മസീദി പറഞ്ഞു. കുട്ടികളിലും കൗമാരക്കാരിലും ഇന്ന് അമിതവണ്ണം അധികമായി കാണുന്നുണ്ട്. ഇത് പ്രമേഹവും കൂടിവരാൻ ഒരു കാരണമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
പ്രമേഹം ജീവിതശൈലി രോഗമാണെങ്കിലും പല സങ്കീർണമായ അവസ്ഥകൾക്കും പ്രമേഹം മൂലം കാരണമാകാമെന്ന് വിദഗ്ദർ അഭിപ്രായപ്പെട്ടു. കുട്ടികളെ ശാരീരികാധ്വാനമുള്ള ഗെയിമുകളിൽ ഏർപ്പെടുത്തിയും ഭക്ഷണ രീതിയിൽ ആരോഗ്യപരമായ മാറ്റങ്ങൾ വരുത്തിയും ഉറക്കത്തിന്റെ സമയം കൃത്യമായി നിയന്ത്രിച്ചും ഇത്തരം പ്രശ്നങ്ങളെ ഒരു പരിധിവരെ തടയാമെന്നും നിയന്ത്രിക്കാമെന്നും കോൺഫറൻസിൽ ചൂണ്ടിക്കാട്ടി. കുവൈത്ത് മെഡിക്കൽ അസോസിയേഷന്റെയും ദസ്മാൻ ഡയബറ്റിസ് ഇൻസ്റ്റിറ്റ്യൂറ്റിന്റേയും സഹകരണത്തോടെ കുവൈത്ത് സൊസൈറ്റി ഫോർ എൻഡോക്രൈനോളജിയാണ് സമ്മേളനം സംഘടിപ്പിച്ചത്.