ഇസ്രായേൽ-പലസ്തീൻ സംഘർഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുഎഇ. സംഘർഷ ഭൂമിയിലെ സ്ഥിതിഗതികളെക്കുറിച്ച് ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിക്കുകയും പോരാട്ടത്തിന്റെ ഫലമായുണ്ടായ മരണങ്ങളിൽ രാജ്യം ആത്മാർത്ഥമായ അനുശോചനം അറിയിക്കുകയും ചെയ്തു. അപകടകരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ പരമാവധി നിയന്ത്രണവും അടിയന്തര വെടിനിർത്തലും രാജ്യത്തിന്റെ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെടുകയും ചെയ്തു.
അതേസമയം ഹമാസ് ആക്രമണത്തിൽ 22 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രായേൽ റെസ്ക്യൂ സർവീസ് അറിയിച്ചു. ഗാസ മുനമ്പിലെ പലസ്തീൻ തീവ്രവാദികൾ തെക്കൻ ഇസ്രായേലിലേക്ക് അഭൂതപൂർവമായ നുഴഞ്ഞുകയറ്റം നടത്തിയിട്ടുണ്ട്. കൂടാതെ അതിർത്തി കടന്ന് പോരാളികളെ അയക്കുകയും ആയിരക്കണക്കിന് റോക്കറ്റുകൾ രാജ്യത്തേക്ക് തൊടുത്തുവിടുകയും ചെയ്തു.
അറബ്-ഇസ്രായേൽ സമാധാനത്തിന്റെ പാത പുനരുജ്ജീവിപ്പിക്കാൻ അന്താരാഷ്ട്ര ക്വാർട്ടറ്റിനെ ഉടൻ വീണ്ടും സജീവമാക്കണമെന്ന് യുഎൻ സുരക്ഷാ കൗൺസിലിലെ സ്ഥിരമല്ലാത്ത അംഗമെന്ന നിലയിൽ യുഎഇ ആവശ്യപ്പെട്ടു. കൂടാതെ ശാശ്വത സമാധാനം കൈവരിക്കുന്നതിനും മേഖലയെ പുതിയ തലത്തിലുള്ള അക്രമത്തിലേക്കും പിരിമുറുക്കത്തിലേക്കും അസ്ഥിരതയിലേക്കും വലിച്ചിഴക്കുന്നതിൽ നിന്ന് തടയാനും എല്ലാ ശ്രമങ്ങളും വേഗത്തിലാക്കാൻ മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിക്കുകയും ചെയ്തു.