ക്രിക്കറ്റ് ലോകകപ്പിൽ ബംഗ്ലാദേശിന് വിജയത്തോടെ തുടക്കം. ആദ്യ മത്സരത്തിൽ അഫ്ഗാനിസ്താനെ ആറ് വിക്കറ്റിനാണ് ബംഗ്ലാദേശ് കീഴടക്കിയത്. അഫ്ഗാൻ ഉയർത്തിയ 157 റൺസ് വിജയലക്ഷ്യം 34.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നതോടെയാണ് ബംഗ്ലാദേശ് വിജയം ഉറപ്പിച്ചത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത അഫ്ഗാനിസ്താൻ 37.2 ഓവറിൽ 156 റൺസിന് ഓൾ ഔട്ടായി. 157 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശിന് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി. ഓപ്പണർമാരായ തൻസിദ് ഹസ്സനും (5) ലിട്ടൺ ദാസും (13) പുറത്തായപ്പോൾ മൂന്നാം വിക്കറ്റിൽ മെഹ്ദി ഹസ്സനും നജ്മുൾ ഹൊസെയ്ൻ ഷാന്റോയും ചേർന്ന് ബംഗ്ലാദേശിനെ രക്ഷിക്കുകയായിരുന്നു. ഇരുവരും ചേർന്ന് 97 റൺസിന്റെ കൂട്ടുകെട്ടാണ് നേടിയത്. എന്നാൽ 73 പന്തിൽ 57 റൺസെടുത്ത താരത്തെ നവീൻ ഉൾഹഖ് പുറത്താക്കി. പിന്നാലെ ഷാന്റോയും അർധസെഞ്ചുറി നേടി. മെഹ്ദി ഹസ്സന് പകരം വന്ന നായകൻ ഷാക്കിബ് അൽ ഹസ്സൻ 14 റൺസെടുത്തതോടെ പുറത്തായെങ്കിലും മുഷ്ഫിഖുർ റഹീമുമായി ചേർന്ന് ഷാന്റോ ടീമിനെ വിജയത്തിലെത്തിച്ചു.
അഫ്ഗാനിസ്താന് വേണ്ടി ഫസൽഹഖ് ഫാറൂഖി, നവീൻ ഉൾ ഹഖ്, അസ്മത്തുള്ള ഒമർസായ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. 47 റൺസെടുത്ത ഓപ്പണർ റഹ്മാനുള്ള ഗർബാസ് മാത്രമാണ് ടീമിനായി തിളങ്ങിയത്. 22 റൺസ് വീതം നേടിയ ഇബ്രാഹിം സദ്രാനും അസ്മത്തുള്ള ഒമർസായിയും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. റഹ്മത്ത് ഷായും ഷാഹിദിയും 18 റൺസ് വീതവും നേടി.