തുടര്‍മാനമായ ഏഴ് സ്ഫോടനങ്ങൾ. മരിച്ചുവീണത് 188 പേര്‍. പരുക്കേറ്റത് ആയിരത്തിലധികം നിരപരാധികൾക്ക്. പതിനാറ് കൊല്ലം മുമ്പ് ഒരു ജൂലൈ 11 ന് രാജ്യം നടുങ്ങി. ജനസാന്ദ്രതയില്‍ മുന്നിലുളള മുംബൈ നഗരത്തിലെ ട്രെയിനുകളില്‍ നിമിഷങ്ങളുടെ വെത്യാസത്തില്‍ ബോംബുകൾ ഓരോന്നായി പൊട്ടിത്തെറിച്ചു. ഒരു നഗരം മാത്രമല്ല, ഒരു രാജ്യം സ്തംബ്ദമായിപ്പോയ ദിവസം.
2006 ജൂലൈ 11ന് വൈകിട്ട് 6:20 ന് തിരക്കേറിയ സമയം നോക്കിയാണ് സ്ഫോടനങ്ങൾ അരങ്ങേറിയത്. ആർഡിഎക്‌സും അമോണിയം നൈട്രേറ്റും ചേർന്ന മിശ്രിതം തീമഴ ചൊരിയുകയായിരുന്നു. മുംബൈ ബോറിവലിയിലേക്കുളള ട്രെയിനിന്റെ ഫസ്റ്റ് ക്ലാസ് കമ്പാർട്ടുമെന്റിലാണ് ഉഗ്ര ശബ്ദത്തോടെ ആദ്യ സ്ഫോടനമുണ്ടായത്.. പിന്നാലെ ബാന്ദ്രയിലെ ഖാർ റോഡിലും, ഭയാന്ദറിലെ മീരാ റോഡിലും, ബോറിവലിയിലും മാട്ടുംഗ മാഹിം ജംഗ്ഷനിലും ജോഗേശ്വറിലും സ്ഫോടനങ്ങൾ.
രാജ്യം നടുങ്ങി സ്ഫോടനങ്ങളാണ് ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ നടന്നത്. പിന്നീട് അന്വേഷണ ഏജന്‍സികളുടെ മികവില്‍ പ്രതികൾ ഓരോരുത്തരായി പിടിയിലായി. 13 പേരെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്‌റ്റ് ചെയ്‌തു. മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്‌ട് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. മകോക കോടതിയില്‍ തുടര്‍ നടപടികളുമുണ്ടായി.
2007ൽ സുപ്രീം കോടതി വിചാരണ ആരംഭിച്ചു. 2015 സെപ്റ്റംബറിൽ കേസിന്‍റെ വിധി പറഞ്ഞു. പിടിയിലായ 13 പ്രതികളിൽ 12 പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. അഞ്ച് പ്രതികൾക്ക് വധശിക്ഷയും മറ്റ് ഏഴ് പേർക്ക് ജീവപര്യന്തം തടവുമാണ് സ്‌പെഷ്യല്‍ ജഡ്ജി വൈ.ഡി ഷിന്‍ഡെ ശിക്ഷ വിധിച്ചത്. പ്രതികളായ 12 പേരും നിരോധിത സംഘടനയായ സിമി പ്രവര്‍ത്തകരാണെന്നും ലഷ്‌കറെ ത്വയ്ബയുടെ സഹായത്തോടെ പ്രതികൾ ആസൂത്രണം നടത്തി എന്നുമാണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കണ്ടെത്തിയത്.
രാജ്യം കറുത്ത ഓര്‍മ്മകളിലൂടെ കടന്നുപോകുമ്പോൾ വീണ്ടുമൊരു ആക്രമണം ഉണ്ടാകാതിരിക്കാനുളള ജാഗ്രതയിലാണ് സുരക്ഷാസേനയും തീവ്രവാദ വിരുദ്ധ സ്ക്വാഡും.