2023-ലെ യുഎഇ ഫെഡറൽ നാഷണൽ കൗൺസിൽ തിരഞ്ഞെടുപ്പ് ഇന്ന് ആരംഭിച്ചു. മൂന്ന് ദിവസങ്ങളിലായി നടത്തപ്പെടുന്ന തിരഞ്ഞെടുപ്പ് ഒക്ടോബർ 7ന് (ശനിയാഴ്ച) അവസാനിക്കും. ആദ്യമായാണ് യുഎഇയിൽ ഹൈബ്രിഡ് മോഡൽ എഫ്എൻസി തിരഞ്ഞെടുപ്പ് നടത്തുന്നത്. നിരവധി പേരാണ് വോട്ട് രേഖപ്പെടുത്താനായി രാവിലെ മുതൽ എത്തിയത്. യുഎഇ പൗരന്മാർക്ക് സജ്ജമാക്കിയിരിക്കുന്ന പോളിങ് കേന്ദ്രങ്ങളിൽ ഒന്നിലോ അല്ലെങ്കിൽ ഓൺലൈനായോ വോട്ട് രേഖപ്പെടുത്താൻ സാധിക്കും.
ഹൈബ്രിഡ് മോഡൽ എഫ്എൻസി തിരഞ്ഞെടുപ്പായതുകൊണ്ടുതന്നെ വോട്ട് രേഖപ്പെടുത്താനെത്തുന്നവർക്ക് മാർഗനിർദ്ദേശം നൽകാൻ നിരവധി സന്നദ്ധപ്രവർത്തകരെയാണ് ചെക്ക്പോസ്റ്റുകളിൽ വിന്യസിപ്പിച്ചിരിക്കുന്നത്. ഒരു വോട്ടർ സെന്ററിനുള്ളിൽ പ്രവേശിച്ചുകഴിഞ്ഞാൽ അവരുടെ യോഗ്യത ഉറപ്പാക്കാൻ മുഖം സ്കാൻ ചെയ്താണ് അടുത്ത ഘട്ടത്തിലേയ്ക്ക് പ്രവേശിപ്പിക്കുന്നത്. സ്കാനിംഗ് സംവിധാനം പൂർത്തിയായ ശേഷം അവർക്ക് ഏതെങ്കിലും മെഷീനിൽ വോട്ട് രേഖപ്പെടുത്താനും സാധിക്കും. വോട്ടിങ് പ്രക്രിയ എളുപ്പമാക്കുന്നതിലൂടെ കൂടുതൽ ആളുകൾ വോട്ടുചെയ്യാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ വർഷത്തെ തെരഞ്ഞെടുപ്പിനായി അനുവദിച്ച 20 എഫ്എൻസി സീറ്റുകളിലേക്ക് ആകെ 309 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. അബുദാബിയിൽ 118, ദുബായിൽ 57, ഷാർജയിൽ 50, അജ്മാനിൽ 21, റാസ് അൽ ഖൈമയിൽ 34, ഉമ്മുൽ ഖുവൈനിൽ 14, ഫുജൈറയിൽ 15 എന്നിങ്ങനെയാണ് ഓരോ എമിറേറ്റിലെയും സ്ഥാനാർത്ഥികളുടെ കണക്കുകൾ. അന്തിമ പട്ടികയിൽ 41 ശതമാനം സ്ത്രീകളുടെയും 59 ശതമാനം പുരുഷന്മാരുടെയും പ്രാതിനിധ്യമാണുള്ളത്.