2024-ൽ ഹജ്ജ് നിർവഹിക്കാൻ ഉദ്ദേശിക്കുന്നവർക്കുള്ള രജിസ്ട്രേഷൻ തീയതി പ്രഖ്യാപിച്ച് യുഎഇ. തീർത്ഥാടകർക്ക് ഡിസംബർ 5 മുതൽ 21 വരെ തങ്ങളുടെ ആപ്പ് വഴി രജിസ്റ്റർ ചെയ്യാമെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെന്റ് അറിയിച്ചു.
അടുത്ത വർഷം, ജൂണിൽ പുണ്യസ്ഥലങ്ങളിലേക്ക് തീർഥാടകരെ സൗദി അറേബ്യ സ്വാഗതം ചെയ്യും. തീർത്ഥാടകരുടെ ആദ്യ സെറ്റ് മെയ് മാസത്തിൽ എത്തുമെന്ന് സൗദി മന്ത്രി നേരത്തെ പറഞ്ഞിരുന്നു. ക്വാട്ട പരിമിതമായതിനാൽ മുൻകൂട്ടി ബുക്ക് ചെയ്യാനാണ് തീർത്ഥാടകർക്ക് യുഎഇ ഭരണകൂടത്തിന്റെ നിർദേശം. സാധാരണഗതിയിൽ, യുഎഇ ഹജ്ജ് പെർമിറ്റ് നൽകുന്നത് എമിറേറ്റുകൾക്ക് മാത്രമാണ്. പ്രവാസികൾ സ്വന്തം രാജ്യങ്ങളിലെ ക്വാട്ടയും നടപടിക്രമങ്ങളും പാലിക്കണം.
തീർത്ഥാടകർ സാധാരണയായി ലൈസൻസുള്ള ടൂർ ഓപ്പറേറ്റർമാർ വഴിയാണ് തീർത്ഥാടനത്തിന് പോകുന്നത്, അതിന്റെ ലിസ്റ്റ് ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെന്റിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്. വിസ ചെലവുകൾ, ഹോട്ടലുകൾ, ഗതാഗതം, ഭക്ഷണം എന്നിവ കൈകാര്യം ചെയ്യുന്ന എല്ലാ ഹജ് പാക്കേജുകളും ഓപ്പറേറ്റർമാർ വാഗ്ദാനം ചെയ്യുന്നു.