സൗദിയിൽ പകര്‍ച്ചപ്പനിയും (ഇൻഫ്ലുവൻസ) ശ്വാസകോശ സംബന്ധമായ അസുഖങ്ങളും പടരുന്ന പശ്ചാത്തലത്തിൽ എല്ലാവരും പ്രതിരോധ കുത്തിവയ്പ്പ് എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. കേസുകളുടെ എണ്ണം കുറയ്ക്കുന്നതിന് വാക്സിനേഷൻ ഗണ്യമായി സഹായിക്കുമെന്ന് മന്ത്രാലയം വിലയിരുത്തി.
കടുത്ത വൈറൽ അണുബാധയാണ് ഇൻഫ്ലുവൻ. ഇത് എളുപ്പത്തിൽ പടരുകയും എല്ലാ പ്രായക്കാരെയും ബാധിക്കുകയും ചെയ്യുന്നു. ശ്വസനത്തിലൂടെയോ മലിനമായ പ്രതലങ്ങളിൽ സ്പർശിക്കുകയോ ചെയ്യുന്നതിലൂടെയാണ് വൈറസ് പകരുന്നത്. ശരാശരി രണ്ടു മുതൽ നാലു ദിവസം വരെയാണ് ഇൻകുബേഷൻ കാലയളവ്.
അതേസമയം എല്ലാ വർഷവും സീസണൽ ഇൻഫ്ലുവൻസ വാക്സിൻ എടുക്കുന്നത് പ്രതിരോധത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗങ്ങളിലൊന്നാണെന്ന് മന്ത്രാലയം വ്യക്തമാക്കി. കൂടാതെ വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, ആരോഗ്യ പ്രവർത്തകർ എന്നിവരാണ് ഏറ്റവും കൂടുതൽ ഈ രോഗം ബാധിക്കാൻ സാധ്യതയുള്ള വിഭാഗങ്ങൾ എന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.