ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി പദ്ധതിയായ ഖത്തർ നോർത്ത് ഫീൽഡ് വികസന പദ്ധതിക്ക് തറക്കല്ലിട്ടു. റാസ് ലഫാൻ ഇന്റസ്ട്രിയൽ സിറ്റിയിൽ നടന്ന പരിപാടിയിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയാണ് തറക്കല്ലിടൽ നിർവ്വഹിച്ചത്. പദ്ധതി പൂർത്തിയാകുന്നതോടെ ഖത്തറിന്റെ പ്രതിവർഷ എൽഎൻജി ഉൽപാദനം 77 മില്യൺ ടണ്ണിൽ നിന്ന് 126 മില്യൺ ടണ്ണായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നോർത്ത് ഫീൽഡ് ഈസ്റ്റ്, സൗത്ത് എന്നിങ്ങനെ രണ്ട് ഭാഗങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്. 2026-ഓടെ പദ്ധതി പൂർത്തിയാകുമെന്നാണ് കരുതുന്നത്. ഈ വർഷം തന്നെ നോർത്ത് ഫീൽഡ് പദ്ധതിയിൽ നിന്നും എൽഎൻജി ലഭ്യമായി തുടങ്ങുമെന്നും അധികമായി ഉൽപ്പാദിക്കുന്ന ദ്രവീകൃത പ്രകൃതി വാതകം വിൽപ്പനയ്ക്കായി കരാറായിട്ടുണ്ടെന്നും ഖത്തർ ഊർജ സഹമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആഗോള ദ്രവീകൃത പ്രകൃതി വാതക വിപണിയിൽ ഖത്തറിന്റെ സ്വാധീനം ഉറപ്പിക്കാൻ നോർത്ത് ഫീൽഡ് വികസന പദ്ധതി വഴി സാധിക്കുമെന്നാണ് വിലയിരുത്തുന്നത്.