സി എച്ച് മുഹമ്മദ് കോയയുടെ പേരിൽ കുടുംബം ആരംഭിച്ച സി എച്ച് മുഹമ്മദ് കോയ ഫൗണ്ടേഷന്റെ പ്രഥമ പുരസ്‌കാരത്തിന് എം എ യൂസഫലി അർഹനായി. ജീവകാരുണ്യ, തൊഴിൽ മേഖലയിൽ നടത്തുന്ന പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് പ്രഥമ പുരസ്‌കാരം യൂസഫലിക്ക് നൽകുന്നതെന്ന് പുരസ്‌കാരം പ്രഖ്യാപിച്ച് കൊണ്ട് ജൂറി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.
സ്വദേശത്തും വിദേശത്തും എം എ യൂസഫലി നൽകുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. കേരള പൊതുസമൂഹത്തിൽ വലിയ രീതിയിൽ സ്വാധീനം ചെലുത്തിയ മഹാനായ സി എച്ച് മുഹമ്മദ് കോയ സാഹിബിന്റെ പേരിലുള്ള പ്രഥമ പുരസ്‌കാരത്തിന് എന്തുകൊണ്ടും അർഹനാണ് എം എ യൂസഫലിയെന്നും നവംബർ 12ന് ദുബായിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം കൈമാറുമെന്നും തങ്ങൾ പറഞ്ഞു.
ആരോഗ്യ, വിദ്യാഭ്യാസ, സാംസ്‌കാരിക മേഖലകളിലടക്കം പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബത്തിന്റെ നേതൃത്വത്തിൽ ഫൗണ്ടേഷൻ രൂപീകരിച്ച് പ്രവർത്തിക്കുന്നതെന്ന് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. എം കെ മുനീർ പറഞ്ഞു. പിതാവിന്റെ പേരിൽ നിരവധി പ്രവർത്തനങ്ങൾ വിവിധ ഭാഗങ്ങളിലായി നല്ല രീതിയിൽ നടന്നുവരുന്നു. പാവപ്പെട്ടവർക്കെല്ലാം വലിയ ആശ്വാസമാകുന്ന സി എച്ച് സെന്ററുകൾ മികച്ച ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.